വിയന്നയില്‍ പതിനെട്ടാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 15, 16 തീയതികളില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്‌സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 18-ാമത് എക്സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 15, 16 തിയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് രാത്രി 10 മണിയ്ക്ക് അവസാനിക്കും.
ജീവിത ഗുണനിലവാരത്തില്‍ കഴിഞ്ഞ 9 വര്‍ഷമായി ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം നിലനിറുത്തുന്ന വിയന്ന നഗരത്തിന്റെ പൊതുനിരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഈ മേള സ്വദേശിയരും വിദേശിയരുമായി ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുവരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം മുന്നൂറിലധികം കലാകാരന്മാരും, എണ്ണായിരത്തോളം സന്ദര്‍ശകരും പങ്കെടുക്കുന്ന രാജ്യാന്തര ഫെസ്റ്റിവലില്‍ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നും, നയതന്ത്രഞ്ജരും ഉള്‍പ്പെടെ വിവിധ എംബസികളില്‍ നിന്നുള്ള സ്ഥാനപതികളും പങ്കെടുക്കും.
വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ചുള്ള പരമ്പരാഗതനൃത്തവും, ലൈവ് മ്യൂസിക്കും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമാണ്. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വൈകിട്ട് 4 മണിയ്ക്ക് പ്രധാന സമ്മേളനം നടക്കും. തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. മഴവില്‍ മനോരമ ഉടന്‍പണത്തിന്റെ അവതാരകര്‍ രാജ് കലേഷ്, മാത്തുക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരുടെ ഒത്തുചേരലിനും, ഉദ്ഗ്രഥനത്തിനും, മതമൈത്രിയ്ക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ അതിഥികളാകും. വിവിധ മത സമുദായങ്ങളെ പ്രതിനിധീകരിച്ച് മതനേതാക്കന്മാര്‍ സന്ദേശങ്ങള്‍ നല്‍കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഏവരെയും ഫെസ്റ്റിവലിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.
സാം ബ്രിസ്ബേ ആന്‍ഡ് ബുഷ്ഫയര്‍ ബാന്‍ഡിന്റെ ലൈവ് സംഗീത ഷോ ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷകമാകും. ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രിയ, ചൈന, പോളണ്ട്, നേപ്പാള്‍, പെറു, യു.കെ, മെക്സികോ, വെനിന്‍സ്വല, കൊളംബിയ, തായ് ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സ്റ്റേജ് ഷോ ഓരോ 15 മിനിറ്റ് ഇടവിട്ട് ഉണ്ടായിരിക്കും.
More: http://www.prosi.at