ലോകത്തിന് പുതുപ്രതീക്ഷകള്‍ നല്‍കി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു ട്രംപും കിങ്ങും

ലോകം ഉറ്റു നോക്കിയാ കൂടിക്കാഴ്ചയില്‍ സമാധാനത്തിന്‍റെ ഉടമ്പടിയില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും. നാല് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ ഇരു നേതാക്കളും സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു. കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു, അമേരിക്കയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനായതില്‍ സന്തോഷമെന്ന് കിം പറഞ്ഞു. നിര്‍ണായക മാറ്റത്തിന് ലോകം സാക്ഷ്യംവഹിക്കുമെന്നും കിം വ്യക്തമാക്കി. ഉത്തര കൊറിയയുമായി പുതിയ ഒരു ബന്ധം തുടങ്ങാന്‍ കൂടിക്കാഴ്ച ഇടയാക്കിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഗുണപരമായ പുരോഗതിയുണ്ടായി.

പ്രതീക്ഷിച്ചതിലും വളരെ വലിയ നേട്ടമാണ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകും. കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇരുവരും ചേര്‍ന്ന് ഒപ്പിട്ട സമാധാന ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. മുന്‍വിധികളില്ലാത്ത ചര്‍ച്ചയാണ് നടക്കുകയെന്നും കഴിഞ്ഞകാല സംഭവങ്ങള്‍ മൂലം കൂടിക്കാഴ്ചവരെ കാര്യങ്ങളെത്താന്‍ വളരെ പ്രയാസപ്പെട്ടെന്നും ചര്‍ച്ചയ്ക്കു മുന്‍പ് കിം പറഞ്ഞിരുന്നു. ചര്‍ച്ച വലിയ വിജയമാകുമെന്നും വലിയ ബന്ധമായി കൂടിക്കാഴ്ച മാറുമെന്നും ട്രംപും പ്രതികരിച്ചിരുന്നു.