കൂട്ടായ്മയുടെ ഉത്സവമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ യൂറോപ്പ് കുടുംബ സംഗമം ക്രൊയേഷ്യയില്‍

ജെജി മാത്യു മാന്നാര്‍

പോറെജ്: 85 രാജ്യങ്ങളില്‍ വ്യാപിച്ച ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ യൂറോപ്പ് കുടുംബ സംഗമം വിനോദ സഞ്ചാരികളുടെ വേനല്‍ക്കാല പറുദീസായായ ക്രൊയേഷ്യയിലെ പോറെജില്‍ നടന്നു. ജൂണ്‍ 8 മുതല്‍ 10 വരെ സംഘടിപ്പിച്ച ഡബ്ള്യു.എം.എഫ് മഹാ കൂട്ടായ്മ യൂറോപ്പിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നൂറില്‍ പരം മലയാളികളുടെ സാന്നിധ്യം കൊണ്ടും പരിപാടികളുടെ വ്യത്യസ്ഥത കൊണ്ടും ഏറെ ശ്രദ്ധേയമായി.

സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ്, യുകെ യിലെ ക്രോയിഡോണ്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, മാര്‍ട്ടില്‍ ശ്രീഡര്‍ (ഓസ്ട്രിയ), ഡബ്ള്യു.എം.എഫ് യൂറോപ്പ് പ്രസിഡന്റ് ഡോണി ജോര്‍ജ്, യൂറോപ്പ് സെക്രട്ടറി മാത്യു ചെരിയങ്കാലയില്‍, യൂറോപ്പ് കോ-ഓര്‍ഡിനേറ്റര്‍ സാബു ചക്കാലക്കല്‍, യൂറോപ്പ് വൈസ് – പ്രെസിഡന്റുമാരായാ തോമസ് ഇളംകാവില്‍ & ടെറി തോമസ്, മറ്റു യൂറോപ്പ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സംഘടനയിലെ വനിതകളായ ഷിജി പള്ളികുന്നേല്‍ (ഓസ്ട്രിയ), സുനു ഡേവിഡ് (ഫ്രാന്‍സ്), മിനു ജോര്‍ജ് (ജര്‍മ്മനി), മിനി ചെരിയങ്കാലയില്‍ (ഓസ്ട്രിയ), മിനി ചക്കാലക്കല്‍ (ഓസ്ട്രിയ), മാര്‍ജോ കെറ്റുനെന്‍ തോമസ് (ഫിന്‍ലന്‍ഡ്), സൂസി തോമസ് (സ്‌കോട്ലാന്‍ഡ്), തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി സമ്മേളനത്തിന്റെ ആദ്യ ദിന പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

ഡോണി ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ്, വിശിഷ്ട അതിഥി മഞ്ജു ശാഹുല്‍ ഹമീദ്, മുതിര്‍ന്ന അംഗം ബേബി ആന്റണി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് വിവിധ പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച സംഗമ വേദി, സ്‌കോട്ലന്‍ഡില്‍ നിന്നുള്ള റിനി തോമസും, നേഹ തോമസും നേതൃത്വം നല്‍കിയ പാസിംഗ് ദി പാര്‍സല്‍ കോംപെറ്റിഷന്‍, അന്താക്ഷരി തുടങ്ങിയ വിനോദ ഇനങ്ങള്‍ അംഗങ്ങളെ ചിരിയുടെയും ഉല്ലാസത്തിന്റെയും തലങ്ങളിലേക്ക് ഉയര്‍ത്തി.

കുടുംബ സംഗമത്തിന്റെ രണ്ടാം ദിനം കായിക മത്സരങ്ങളുടെയും പരിചയം പുതുക്കലിന്റെയും വേദിയായിരുന്നു. രണ്ടു ദിവസം നീണ്ടു നിന്ന കുടുംബ സംഗമത്തിന്റെ ആഘോഷ തിമിര്‍പ്പിന്റെ പ്രധാന ആകര്‍ഷണീയത അത്യന്തം ആവേശോജ്വലമായ കലാ കായിക മത്സരങ്ങള്‍ തന്നെ ആയിരുന്നു. യൂറോപ്പ് ട്രെഷറര്‍ ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ഒന്‍പതാം തീയതി നടന്ന സമാപന ചടങ്ങിനോടനുബന്ധിച്ചു സംഘടനയുടെ മുതിര്‍ന്ന അംഗങ്ങളും സ്പോണ്‍സേര്‍സും ചേര്‍ന്ന് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ ഉള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ശനിയാഴ്ച വൈകുന്നേരം വനിതകളുടെയും കുട്ടികളുടെയും മ്യൂസിക്കല്‍ ചെയര്‍ , യൂറോപ്പിനെ കുറിച്ചുള്ള ക്വിസ് സംഘടനയുടെ യൂറോപ്പ് വനിതാ കോ ഓര്‍ഡിനേറ്റര്‍ നൈസി കണ്ണമ്പാടവും ഡെന്‍മാര്‍ക്ക് പ്രസിഡന്റ് അജ്ന ആസാദും നേതൃത്വം നല്‍കി. കുടുംബ സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്ല നിമിഷങ്ങള്‍ സമ്മാനിച്ച്, സംഗീത സദസ്സിന്റെ അകമ്പടിയില്‍, ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു. സംഘടനയുടെ യൂറോപ്പ് റീജന്‍ പ്രസിഡന്റ് ഡോണി ജോര്‍ജ്, സെക്രട്ടറി മാത്യു ചെരിയങ്കാലയില്‍, കോ-ഓര്‍ഡിനേറ്റര്‍ സാബു ചക്കാലക്കല്‍ എന്നിവര്‍ സമ്മേളനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.