മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കാണാതായ എയര്‍ഫോഴ്സ് ഓഫീസര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്
കലിഫോര്‍ണിയ: മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് (1983ല്‍ ) ന്യൂമെക്സിക്കോയില്‍ നിന്നും അപ്രത്യക്ഷനായ ഉയര്‍ന്ന റാങ്കിലുള്ള കിര്‍ക് ലാന്റ് എയര്‍ഫോഴ്സ് ബേസ് ഓഫിസര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ജൂണ്‍ 6 ന് കലിഫോര്‍ണിയായില്‍ നിന്നും അറസ്റ്റിലായി.
1983 ഡിസംബര്‍ 9 നായിരുന്നു ഓഫിസര്‍ അപ്രത്യക്ഷമായ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യൂറോപ്പിലെ രണ്ടാഴ്ചയിലെ വെക്കേഷന് ട്രിപ്പിനുശേഷം മടങ്ങിയെത്തിയ 33 വയസ്സുള്ള വില്യം ഹൊവാര്‍ഡ് ഹ്യൂസ് ജൂനിയര്‍ അല്ബുക്വറക്കില് നിന്നു അപ്രത്യക്ഷമാകുന്നതിനു മുമ്പ് 28,000 ഡോളര്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചിരുന്നു.
1983 ഓഗസ്റ്റില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.നാറ്റോ കണ്ട്രോള് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തില്‍ പ്രത്യേക ട്രെയ്നിങ് ലഭിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഹൊ വാര്‍ഡ് കലിഫോര്‍ണിയയില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് സുഖജീവിതം നയിച്ചുവരികയായിരുന്നു.
എയര്‍ഫോഴ്സിലെ ജീവിതം നിരാശ നിറഞ്ഞതായിരുന്നുവെന്നും അതാണ് അവിടെ നിന്നും രക്ഷപ്പെടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഇയ്യാള് പറഞ്ഞു. അറസ്റ്റ് ചെയ്ത ഹൊവാര്‍ഡിനെ കലിഫോര്‍ണിയ ട്രാവിസ് എയര്‍ ഫോഴ്സ് ബേസില്‍ തടങ്കലിലിട്ടിരിക്കയാണ്.