സിബിഐ അന്വേഷണം വേണം: ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസിന്റെ വിചാരണ നടപടികള്‍ കോടതി തുടങ്ങാനിരിക്കെയാണ് നീക്കം.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത് സംസ്ഥാന പോലീസിന്റെ പ്രത്യേകസംഘമാണ്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഏജന്‍സി അന്വേഷിക്കണം. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു. കേരളാ പോലീസ് നടത്തിയ അന്വേഷണം പക്ഷാപതപരമാണെന്നും ആരോപണമുന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതിയാണ് ദിലീപ്. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസില്‍ അനുബന്ധ കുറ്റപത്രം ദിലീപിനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.