ഡി സി സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം ; യൂത്ത്കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
എറണാകുളത്തുള്ള ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍. കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി ഷബീര്‍ മുട്ടം, നിലവിലെ സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഓഫീസ് പരിസരത്ത് അതിക്രമിച്ച് കടന്നെന്ന ഡിസിസിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു’, ‘ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും യൂദാസുമാര്‍’, ‘പാര്‍ട്ടിയുടെ അഭിമാനത്തെക്കാള്‍ നിങ്ങള്‍ വിലനല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ’ എന്നിങ്ങനെയുള്ള പോസ്റ്ററുകളും ഓഫീസിന്റെ ചില്ലുകളില്‍ പതിപ്പിച്ചിരുന്നു.
സേവ് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍. ജൂണ്‍ എട്ടാം തീയതി വടുതലയിലെ ഒരു ശവപ്പെട്ടിക്കടയില്‍നിന്ന് ഇവര്‍ ശവപ്പെട്ടിയും റീത്തും വാങ്ങിയതായി നേരത്തെ വ്യക്തമായിരുന്നു. ഒന്‍പതാം തീയതി രാവിലെയാണ് ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും കാണപ്പെട്ടത്. രാജ്യസഭാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ വ്യാപകമായ പ്രതിഷേധമാണ് പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ടായിരിക്കുന്നത്.