ഹിന്ദു യുവതിയെ വിവാഹം ചെയ്തു ; ലവ് ജിഹാദ് എന്ന പേരില്‍ മുസ്ലീം യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹമ്മൂദ് എന്ന 27 കാരനാണ് ഭാര്യയെ വിട്ടു കിട്ടണം എന്ന് കാട്ടി കോടതിയെ സമീപിച്ചത്. ബെംഗളൂരു സ്വദേശിയുമായ ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടിയെയാണ് ഫാസില്‍ മഹമ്മൂദ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിച്ച് നാട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഫാസില്‍ മഹമ്മൂദിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ച് പെണ്‍കുട്ടിയെ ബലമായി നാടുകടത്തി. ഇപ്പോള്‍ തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ് മഹമ്മൂദ്. ബെംഗളൂരു ബെന്നര്‍ഹേട്ട റോഡില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കടയ്ക്ക് എതിര്‍വശത്ത് ഹോട്ടല്‍ നടത്തിവരികയായിരുന്നു ഫാസില്‍.
ഇവിടെവെച്ച് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായി. രണ്ട് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. എന്നാല്‍ പിങ്കിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തിരുമാനിക്കുകയായിരുന്നു. രണ്ട് മാസം മുന്‍പ് ഇരുവരും തമ്മില്‍ മുസ്ലീം മതാചാര പ്രകാരം വിവാഹം കഴിച്ചു. ചൗധരി ജാതിയില്‍ പെട്ട പെണ്‍കുട്ടി മതം മാറിയ ശേഷമായിരുന്നു വിവാഹം. മതം മാറിയ പിങ്കി അയീഷാ ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.വിവാഹത്തിന് പിന്നാലെ ഇരുവരും കുറ്റ്യാടിയിലുള്ള ഫാസിലിന്റെ വീട്ടിലേക്ക് തിരിച്ചു.
എന്നാല്‍ നാട്ടില്‍ ഫാസിലിനെ തേടിയെത്തിയ ബെംഗളൂരുവിലെ പോലീസ് സംഘം ഫാസിലിനേയും പിങ്കിയേയും ബലം പ്രയോഗിച്ച് പിടിച്ചാണ് കുറ്റ്യാടി സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇവിടെ വെച്ച് ഇരുവരേയും വിട്ടുകിട്ടണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. പിന്നാലെ പോലീസ് സംഘം രണ്ടുപേരേയും കൊണ്ട് കര്‍ണാടകത്തിലേക്ക് കടക്കുകയും ചെയ്തു. കര്‍ണാടകയില്‍ എത്തിയ പോലീസ് പെണ്‍കുട്ടിയെ കോടതയില്‍ പോലും ഹാജരാക്കാതെ ബന്ധുക്കള്‍ക്ക് കൈമാറിയതായി ഇയാള്‍ ആരോപിക്കുന്നു. കൂടാതെ പെണ്‍കുട്ടിയെ കൊണ്ട് ഒരു ബ്ലാങ്ക് പേപ്പറില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വെയ്പ്ക്കുകയും ചെയ്തു.
പിന്നാലെ ലൗ ജിഹാദ് ആരോപിച്ച് പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ഫാസില്‍ ആരോപിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുളകുപൊടി തേക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തിട്ടുണ്ടെന്നും ഫാസില്‍ പറയുന്നു. സഹകരിച്ചില്ലേങ്കില്‍ വീട്ടുകാരെ ഉപദ്രവിക്കുമെന്ന് പോലീസുകാര്‍ പറഞ്ഞതായും ഫാസില്‍ ആരോപിച്ചു. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഇയാള്‍ പറയുന്നുണ്ട്. വീട്ടുകാര്‍ അവളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് പകരം പോലീസുകാര്‍ തന്നെ വേട്ടയാടുകയാണെന്നും ഇയാള്‍ പറയുന്നു.