കെവിന്‍റെ ഓര്‍മ്മകളുമായി ; അവന്‍റെ ഭാര്യയായി നീനു കോളേജില്‍ പോയി തുടങ്ങി
കെവിന്‍റെ ഓര്‍മ്മകളുമായി നീനു വീണ്ടും കോളേജിലെയ്ക്ക്. കെവിന്‍കൊലപാതകം നടന്ന് 17 ാം ദിവസമായിരുന്നു ഇന്ന്. രാവിലെ കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ മാന്നാനത്തെ കോളേജിലേക്ക് അവളെ കോണ്ടുപോയത്. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ച ശേഷം പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം. തുടര്‍ന്ന്‍ അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്.. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്. ആത്മാക്കള്‍ക്കു കാണാന്‍കഴിയുമെങ്കില്‍ ,നിറഞ്ഞ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു പറയുന്നു. വീട്ടില്‍ നിന്നും നേരെ കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ യാത്ര.
നീനു ഒരിക്കലും മറക്കാത്ത ഒരു സ്ഥലമായിരിക്കും ഈ പോലീസ് സ്റ്റേഷന്‍. കാരണം തന്‍റെ ജീവിതം തന്നെ വഴിമാറിയ ഇടമാണ് അതെന്ന ഓര്‍മ്മ എന്നും അവളില്‍ കാണും. വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പോലിസ് സ്റ്റേനില്‍ ചെന്ന് കോളേജില്‍ പോകുന്നത് അറിയിച്ചത്.പിന്നെ കോളേജിലെയ്ക്ക്. ജോസഫ് നീനൂവുമായി നേരെപോയി പ്രിന്‍സിപ്പലിനെ കണ്ടു. എല്ലാവരും നിറഞ്ഞ മനസ്സോടെ നീനുവിനെ സ്വീകരിച്ചു. പഠനം തുടരാന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തു. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും കാമ്പസ്സിലേക്ക് നയിച്ചതും.
മുറിവുകള്‍ മറക്കാന്‍ എല്ലാവരും പറയുമ്പോഴും ഓര്‍മകളില്‍ അവള്‍ പിടഞ്ഞു. ജോസഫും മേരിയും കെവിന്റെ സഹോദരി കൃപയും അവള്‍ക്കു താങ്ങായി. പഠിക്കാനും ജീവിതത്തെ നേരിടാനും അവരാണ് കരുത്തു പകര്‍ന്നത്. ഇനി സിവില്‍സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം. അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.”’ജോസഫിന്റെ ഉറച്ച വാക്കുകള്‍”. പഠനം തുടരാന്‍ തന്നെയാണ് അവളുടെ തീരുമാനം കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നു. അവള്‍ക്കുവേണ്ടി അല്ലെങ്കിലും അവനുവേണ്ടി അവള്‍ക്ക് പഠിച്ചേ മതിയാകു.