ടോറോന്‍ടോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് പ്രഖ്യാപനം ജൂണ്‍ 16ന്

കൊച്ചി: കാനഡയിലെ ടോറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ ബ്ലു സഫയര്‍ സൗത്ത് ഏഷ്യന്‍ സിനിമാ മേഖലയിലെ കലാകാരന്മാര്‍ക്കായി അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നു.
‘ടോറോന്‍ടോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 (Tisfa)’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. അവാര്‍ഡ് ജേതാക്കളെ ജൂണ്‍ 16 ശനിയാഴ്ച എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും. വിജയികളാകുന്നവര്‍ക്ക് ടോറോന്‍ടോയില്‍ വെച്ചായിരിക്കും അവാര്‍ഡുകള്‍ സമ്മാനിക്കുക.

മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മലയാളത്തില്‍ 15 കാറ്റഗറിയിലും തമിഴില്‍ 9 കാറ്റഗറിയിലുമായാണ് ആദ്യവര്‍ഷം അവാര്‍ഡ് നല്‍കുക. സൗത്ത് ഏഷ്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രമുഖ വിദേശ എന്റര്‍ടൈന്‍മെന്റ് കമ്പനി ലോകമൊട്ടാകെയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്നത്. ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അന്തിമ വിധിനിര്‍ണ്ണയം പൂര്‍ത്തിയാക്കുക.

ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മേയ് 15 വരെ നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സിനിമാസ്വാധകര്‍ ഒരുപോലെയാണ് പങ്കെടുത്തത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചു.

ഓരോ കാറ്റഗറിയിലും മികച്ച രീതിയിലുള്ള വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നടക്കുന്ന ജഡ്ജിംഗ് അസ്സസ്മെന്റും കഴിഞ്ഞതിനുശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. ടോറോന്‍ടോയുടെ ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്രതലത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ പൊതുജന പങ്കാളിത്വത്തോടെ മികച്ച സിനിമാപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നത്.