തൈക്കുടം മ്യൂസിക് ഷോയിലൂടെ സ്വിസ്സിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കൈത്താങ്ങ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികള്‍ എക്കാലവും കാഴ്ച വയ്ക്കുന്നത്. സ്വിസ്സ് മലയാളികളുടെ കലാ സാംസ്‌ക്കാരിക മേഖലകളില്‍ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം പിറന്ന നാട്ടില്‍ വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന മഹനീയമായ ലക്ഷ്യവും മുന്‍ നിറുത്തിയാണ് പ്രമുഖ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ചു ബാന്റ് സംഗീതത്തിന്റെ വിസ്മയലോകത്തില്‍ മലയാളക്കരയെ ലോകഭൂപടത്തില്‍ രേഖപ്പെടുത്തിയ തൈക്കുടം മ്യൂസിക് ഷോ സൂറിച്ചിലും യൂറോപ്പിലെ മറ്റിതര രാജ്യങ്ങളിലും നടത്തിയത്തിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ ആദ്യ ഗഡു വിതരണം നടത്തി.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തും ജനമൈത്രി പോലീസും നിര്‍ദേശിച്ച കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗപീഡയാല്‍ വലയുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് സഹായമെത്തിച്ചത്. കുറവിലങ്ങാട് പഞ്ചായത്തു കമ്മ്യൂണിറ്റിഹാളില്‍ ഒരുക്കിയ ലളിതമായ ചടങ്ങില്‍ വെച്ച് ജൂണ്‍ എട്ടാം തിയതി വേള്‍ഡ് മലയാളീ കൗണ്‍സില്‍ സ്വിസ് പ്രോവിന്‌സിന്റെ മുന്‍ പ്രസിഡണ്ട് ശ്രീ ജോയി പറമ്പേട്ടിന്റെയും, തൈക്കുടം പ്രോഗ്രാം കൊര്‍ഡിനേറ്ററായിരുന്ന ടോമി തൊണ്ടാംകുഴിയുടെയും, പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ചെന്നേലിയുടെയും സാന്നിധ്യത്തില്‍ കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡന്റ് പിസി കുര്യന്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു.

ധന സഹായം വിതരണം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ജനിച്ചു വളര്‍ന്ന നാടിനെ മറക്കാതെ അശരണര്‍ക്കും ആലംബഹീനര്‍ക്കും ഒരു കൈതാങ്ങ് ആകുവാന്‍ കര്‍മ്മ നിരതരായി പ്രവര്ത്തിക്കുന്ന വേള്‍ഡ് മലയാളീ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അവരോടു സഹകരിക്കുന്ന സ്വിസ്സിലെ നല്ലവരായ മലയാളി സമൂഹത്തിനും പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യന്‍ നന്ദി അര്‍പ്പിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ജോയി പറമ്പേട്ട് കൗണ്‍സില്‍ ചെയ്തുവരുന്ന മറ്റിതര ജീവകാരുണ്യപ്രവര്‍ത്തങ്ങളെപ്പറ്റി വിശദീകരിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി പന്നാരകുന്നേല്‍ ടെലിഫോണ്‍ കോളിലൂടെ തന്റെ അഭാവത്തിനു ഖേദം പ്രകടിപ്പിക്കുകയും ധനസഹായം ലഭിച്ചവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. യൂറോപ്പിലെ മറ്റിതര രാജ്യങ്ങളില്‍ ഈ പ്രോഗ്രാം നടത്തുവാന്‍ തയ്യാറായി മുന്‍പോട്ടുവന്ന സംഘടനകളെയും മറ്റു സംഘാടകരെയും നന്ദിയോടെ സ്മരിക്കുന്നതായി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയിരുന്ന ശ്രീ ടോമി തൊണ്ടാംകുഴി അഭിപ്രായപ്പെട്ടു.

ആലംബഹീനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മേലുകാവില്‍ നടത്തുന്ന സ്നേഹി ഭവന്‍ എന്ന സ്ഥാപനത്തിനാണ് അടുത്തപടിയായി സഹായം നല്‍കുന്നത്. സ്വിട്‌സര്‍ലാണ്ടിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ആദ്യമായി ഒരു ബിഗ് ബഡ്ജറ്റ് പ്രോഗ്രാമായ തൈക്കുടം മ്യൂസിക് ഷോ നടത്തുവാനും അതുവഴി നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുറച്ചു പേര്‍ക്കെങ്കിലും സഹായമെത്തിക്കുവാനും സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു സംഘടനയുടെ കഴിഞ്ഞ രണ്ടുവര്‍ഷം പ്രസിഡന്റ് പദവി അലങ്കരിച്ച ജോസ് വള്ളാടി യില്‍, ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, സെക്രട്ടറി ബാബു വേതാനി, ട്രെഷറര്‍ ബോസ്സ് മണിയമ്പാറയില്‍, എന്നിവര്‍ അറിയിച്ചു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്കുകൂടുതല്‍ഊന്നല്‍ നല്‍കുമെന്നും, ഈ വര്ഷം കേരളപ്പിറവി ആഘോഷം നവംബര്‍ മൂന്നിന് സൂറിച്ചില്‍ വെച്ച് പൂര്‍വാധികം ഭംഗിയോടെ നടത്തുന്നതാണന്നും വേള്‍ഡ് മലയാളീ കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ചെയര്‍മാന്‍ ജോബിന്‍സണ്‍ കൊറ്റത്തില്‍, പ്രൊവിന്‍സ് പ്രസിഡന്റ് ജോഷി പന്നാരകുന്നേല്‍, സെക്രട്ടറി ജോഷി താഴത്തുകുന്നേല്‍, ട്രഷറര്‍ വിജയ് ഓലിക്കര എന്നിവര്‍ അറിയിച്ചു. ഈ പ്രോഗ്രാം സൂറിച്ചിലും മറ്റു സ്ഥലങ്ങളിലും ഒരു വിജയമാക്കിത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാ നല്ലവരായ മലയാളികളോടും ഒരിക്കല്‍ കൂടി വേള്‍ഡ് മലയാളി കൗണ്‍സില്‍ നന്ദിയോടെ അനുസ്മരിച്ചു.