എഡിജിപിയുടെ വീട്ടില്‍ കേരളാ പോലീസിന് അടിമപ്പണി : വെളിപ്പെടുത്തലുമായി പരിക്കേറ്റ ഡ്രൈവര്‍

തിരുവനന്തപുരം : : എ.ഡി.ജി.പി.യുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭിക്കാനായി കേസുമായി ഏതറ്റം വരെയും പോകുമെന്ന് മര്‍ദ്ദനത്തിനിരയായ പോലീസുകാരന്‍. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എ.ഡി.ജി.പി. സുദേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുകയാണ് എന്നും പരിക്കേറ്റ ഡ്രൈവര്‍ ഗവാസ്ക്കര്‍ പറയുന്നു. ഡ്രൈവര്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് ഗവാസ്‌കറിനെതിരെ സുദേഷ് കുമാര്‍ കേസ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ല എന്ന പരിപൂര്‍ണ വിശ്വാസത്തിലാണ് ഗവാസ്‌കര്‍. സംഭവം നടന്ന കനകക്കുന്ന് പരിസരത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ട്. അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും എന്നാണു അയാള്‍ പറയുന്നത്. സുദേഷിന്റെ കൂടെ ജോലിക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ കൊണ്ട് വീട്ടു ജോലികള്‍ സഹിതം ചെയ്യിക്കുന്നുണ്ടെന്ന് ഗവാസ്‌കര്‍ പറയുന്നു.

വീടു തുടപ്പിക്കുക, വീട്ടുസാധനങ്ങള്‍ വാങ്ങിപ്പിക്കുക, സ്വിമ്മിങ് പൂള്‍ കഴുകിക്കുക തുടങ്ങിയ ജോലികള്‍ പോലീസുകാരെക്കൊണ്ട് ചെയ്യിക്കാറുണ്ടായിരുന്നു. പലരും പരാതി പറയുകയും സുദേഷിന്റെ കീഴില്‍ നിന്നും ജോലി മാറ്റിത്തരണം എന്നു പേപ്പര്‍ നല്‍കിയിട്ടുള്ളതുമായി ഗവാസ്‌കര്‍ പറയുന്നു. ഇവരോടൊക്കെ പിന്നീടും വൈരാഗ്യത്തോടെയാണ് സുദേഷ് പെരുമാറിയിട്ടുള്ളതെന്നും ഗവാസ്‌കര്‍ പറയുന്നു. അതേസമയം എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്. ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറിനാണ് എ.ഡി.ജി.പി.യുടെ മകള്‍ മര്‍ദിചത് കാരണം പരിക്കേറ്റത്.

സംഭവം ഇങ്ങനെ :

എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്‍റെ കഴുത്തിലും മുതുകിലും ഇടിക്കുകയായിരുന്നു എന്നാണു ഗവാസ്ക്കര്‍ പറയുന്നത്. ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.