വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു

മുപ്പത് ദിവസം നീണ്ട വ്രതശുദ്ധിയുടെ പകലിരവുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍. കേരളത്തില്‍ തുടരുന്ന കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്.

മലബാറിലെ വിവിധ പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നു. പ്രാര്‍ഥനയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നു. തിരുവനന്തപുരത്തു മഴ മാറി നിന്നതിനാല്‍ പള്ളികള്‍ക്ക് പുറത്ത് സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.