കുഞ്ഞിന് സുഖമില്ലാത്തത് കൊണ്ട് മലയാളി ദമ്പതികള്‍ക്ക് യാത്ര നിഷേധിച്ച് സിങ്കപ്പൂര്‍ എയര്‍ലൈന്‍
പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞിനെ കയറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലയാളി ദമ്പതിമാര്‍ക്ക് യാത്ര നിഷേധിച്ച് സിങ്കപ്പൂര്‍ എയര്‍ലൈന്‍. സിങ്കപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനില്‍ വ്യാഴാഴ്ചയാണ് സംഭവം. എന്നാല്‍ മണിക്കൂറിലധികം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇവരെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന അഞ്ചു വയസ്സുകാരിയായ മകളെയും കൊണ്ട് കഴിഞ്ഞ ദിവസം സിങ്കപ്പൂരില്‍ നിന്ന് ഫുക്കറ്റിലേക്ക് വിമാനത്തില്‍ കയറിയതായിരുന്നു കൊച്ചി സ്വദേശിയായ ദിവ്യ ജോര്‍ജ്ജും ഭര്‍ത്താവും. കുഞ്ഞിനടക്കം മൂന്നു പേര്‍ക്കും ടിക്കറ്റുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിന് പ്രത്യേക സീറ്റ് നല്‍കി വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്നായിരുന്നു പൈലറ്റ് അറിയിച്ചത്.
പ്രതിരോധിക്കാന്‍ ദിവ്യയും ഭര്‍ത്താവും ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെയും മറ്റ് വിമാന ജീവനക്കാരുടെയും ഏറെ നേരത്തെ അധിക്ഷേപത്തിനു ശേഷമാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചത്. അഞ്ചു വര്‍ഷത്തിനിടെ 67 തവണ തങ്ങള്‍ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരനുഭവം ആദ്യമാണെന്നു ദിവ്യ ഇന്നലെയിട്ട പോസ്റ്റില്‍ കുറിക്കുന്നു. ദിവ്യ കുഞ്ഞിന്റെ തല ഭാഗം പിടിച്ചും ദിവ്യയുടെ ഭര്‍ത്താവ് ശരീരം പിടിച്ചുമാണ് വിമാനത്തില്‍ യാത്ര ചെയ്തത്. ‘കുഞ്ഞിന് ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ സീറ്റിലിരുത്താന്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന് ആവശ്യപ്പെടുകയും തരാമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഉറപ്പും തന്നിരുന്നതാണ്. എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ എല്ലാം നിഷേധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്തില്‍ യാത്രചെയ്യാനാവില്ലെന്ന് പൈലറ്റ് അറിയിച്ചത് അവര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.