എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ എസ്എപി ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. സുധേഷ് കുമാറിന് പുതിയ പദവി നല്‍കേണ്ടെന്നു നിര്‍ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ എസ്എപിയുടെ പുതിയ മേധാവിയാകും. പൊലീസിലെ ദാസ്യപ്പണി വിവാദത്തെ തുടര്‍ന്നാണ് സുധേഷ് കുമാറിനെ മാറ്റിയത്. രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സുധേഷ് കുമാറിനോട് പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.

മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുധേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. കുടുംബ പൊലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ട്. പൊലീസുകാരെ സുധേഷ് കുമാര്‍ നിരന്തരം അസഭ്യം പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍, പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവം വലിയ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചത്. മര്‍ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയിരുന്നു.ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.

എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും പീഡനത്തിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ദാസ്യപ്പണി അവസാനിപ്പിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഡ്രൈവറെ മര്‍ദിച്ച കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ഡ്രൈവര്‍ ഗവാസകറുടെ ഭാഗത്താണ് സത്യമെന്നും അസോസിയേഷന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദിച്ചെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴിഞ്ഞദിവസം രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി. പരാതി നല്‍കി ഒരു പകല്‍ മുഴുവന്‍ ഒത്ത് തീര്‍പ്പ് ശ്രമം നടത്തി വിജയിക്കാതെ വന്നതോടെയാണ് കേസെടുത്തത്. ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ സ്നിഗ്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്‌കറിനെതിരെയും സ്നിഗ്ദ പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. മര്‍ദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവാസ്‌കര്‍ ഉപദ്രവിച്ചെന്ന് കാണിച്ച് എഡിജിപിയുടെ മകള്‍ പരാതി നല്‍കുകയും മെഡിക്കല്‍ രേഖകള്‍ തയാറാക്കുകയും ചെയ്തിരുന്നു. വനിത എസ്ഐയെ എഡിജിപിയുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവാസ്‌ക്കര്‍ക്കെതിരെ കേസെടുത്തത്.

എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നുവെന്നും ഗവാസ്‌കറുടെ പരാതിയില്‍ പറഞ്ഞിരുന്നു. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കും. ഇതിന് തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഡ്രൈവര്‍ പറഞ്ഞു.