ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ സമ്പത്ത് കുത്തനെ കൂടുന്നു

ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ കൈയ്യില്‍ സമ്പത്ത് കുന്നുകൂടുന്നു എന്ന് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് പുറത്തുവിട്ട ആഗോള സമ്പത്ത് റിപ്പോര്‍ട്ട് 2018 ലാണ് വിവരങ്ങള്‍ ഉള്ളത്. 100 കോടിക്ക് മുകളില്‍ ആസ്തിയുള്ളവരുടെ ധനത്തില്‍ 2016-17 വര്‍ഷത്തില്‍ 18 ശതമാനത്തോളം വര്‍ധന വന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ 16 ശതമാനം സമ്പത്തും അമ്പതുപേരുടെ കൈവശമാണ്. ഏഷ്യാ- പസഫിക് മേഖലയിലെ തന്നെ ഏറ്റവും വലിയ നിരക്കാണ് ഇന്ത്യയിലെത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ലോകത്തെ മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനമാണ് ശതകോടീശ്വരന്മാരുടെ കൈവശമെങ്കില്‍ ഏഷ്യാ- പസഫിക് മേഖലയില്‍ ഇത് ഒമ്പത് ശതമാനം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 കോടി മുതല്‍ 100 കോടിവരെ ആസ്തിയുള്ളവരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷം 17 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. അതുപോലെ 2017 മുതല്‍ 2022 വരെയുള്ള കാലയളവുകൊണ്ട് ഇന്ത്യയിലെ വ്യക്തിഗത സമ്പത്തില്‍ 13 ശതമാനം വര്‍ധനവുണ്ടാകും. നിലവിലുള്ള മൂന്നുലക്ഷം കോടി ഡോളറില്‍ നിന്ന് അഞ്ച് ലക്ഷം കോടി ഡോളറിലേക്ക് ഇന്ത്യയിലെ ആകെ വ്യക്തിഗത സമ്പത്ത് ഈ കാലയളവില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.