മെസ്സി നടത്തിയത് ഒരു ഒറ്റയാള്‍ പോരാട്ടം തന്നെയായിരുന്നു…എന്നിട്ടും…

സംഗീത് ശേഖര്‍

ഹാറ്റ്‌സ് ഓഫ് ടു ദിസ് മാന്‍ ..കേട്ടറിവുള്ള പഴയ കാലത്തിന്റെ തിളക്കമാര്‍ന്ന ഓര്‍മ്മകള്‍ പേറി, ഇപ്പോള്‍ അര്‍ജന്റീന കളിക്കുന്ന ഫുട്‌ബോളിനെ കുറിച്ച് കാര്യമായ ധാരണയില്ലാതെ കളി കണ്ടിരിക്കുന്ന ഒരു കൂട്ടം ആരാധകരുടെ പ്രതീക്ഷകള്‍ അയാള്‍ക്കൊരു ഭാരം തന്നെയാണ്. ഗ്രേറ്റ് പ്ലെയര്‍ ..വിശേഷിപ്പിക്കാന്‍ യാതൊരു വൈമനസ്യവും കാട്ടേണ്ടതില്ല.

ഫ്ളൈര്‍ ഉള്ള ഒരു കളിക്കാരന്റെ പോലും സാന്നിധ്യമില്ലാത്തൊരു വെറും സാധാരണ ടീമിന് വേണ്ടി അയാള്‍ കളിക്കുന്ന കളി തന്നെയാണ് അടയാളം. പെനാല്‍റ്റി മിസ്സ് ആക്കിയത് ഗുരുതരമായ തെറ്റ് തന്നെയാണെങ്കിലും പഴുതടച്ചു കാത്തിരുന്ന ഒരു ഐസ് ലന്‍ഡ് പ്രതിരോധത്തിന്നെതിരെ ലയണല്‍ മെസ്സി ഒരു ഒറ്റയാള്‍ പോരാട്ടം തന്നെയാണ് നടത്തിയത്.

സ്‌കീമറും ഫീഡറും സ്‌കോര്‍ ചെയ്യേണ്ടതും ഒരാള്‍ തന്നെയാകുമ്പോഴുള്ള (അഗ്യുരോയുടെ ഗോള്‍ മറക്കുന്നില്ല ) അമിതഭാരം അയാളെ തളര്‍ത്തുന്നുണ്ട്. ടൈറ്റ് ആയി മാര്‍ക്ക് ചെയ്യപ്പെട്ടിട്ടും സ്‌പേസ് ഉണ്ടാക്കി ഷോട്ട് എടുക്കുന്ന ലയണല്‍ മെസ്സിക്ക് ചിലപ്പോള്‍ നിര്‍ഭാഗ്യവും ചിലപ്പോള്‍ പാസീവ് ആയി മുന്നിലൂടെ ഓടുന്ന സ്വന്തം കളിക്കാരും വിനയായി. തന്റെ ഇടത് കാല്‍ കൊണ്ടുള്ള ഷോട്ടുകള്‍ ഐസ് ലന്‍ഡ് പ്രതിരോധവും ഗോളിയും വായിച്ചെടുക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോള്‍ വലത് കാല്‍ കൊണ്ടും അയാള്‍ ശ്രമിക്കുന്നുമുണ്ട്.

ഐസ് ലന്‍ഡ് തങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു ഒരു പോയന്റിനു വേണ്ടിയാണ് കളിച്ചത്, ഒരു വെല്‍ ഓര്‍ഗനൈസ്ഡ് പ്രതിരോധത്തിന്റെ സഹായത്തോടെ അവരത് സാധിച്ചെടുക്കുകയും ചെയ്തു. പാവോന്‍ വന്നു കഴിഞ്ഞാണ് വിംഗിലൂടെ ഒരു നീക്കമെങ്കിലും കണ്ടത്. മഷരാണോ, ഡി മരിയ തുടങ്ങി പലരും പഴയ പ്രതാപത്തിന്റെ നിഴലിലാണ് ടീമില്‍ നില്‍ക്കുന്നത് തന്നെ എന്ന് തോന്നിപ്പിക്കുന്ന ഗെയിം.

ലോംഗ് ബോളുകള്‍ കൊണ്ടോ കോര്‍ണര്‍ പോലുള്ള സെറ്റ് പീസുകള്‍ കൊണ്ടോ അവരുടെ പ്രതിരോധ ഭിത്തി തുളക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് തന്നെ അര്‍ജന്റീനക്ക് തങ്ങളുടെ പാസ്സിംഗ് ഗെയിമിലൂടെ തന്നെ അത് സാധിക്കേണ്ടിയിരുന്നു. 4 ഐസ് ലാന്‍ഡ് കളിക്കാര്‍ അര്‍ജന്റീനിയന്‍ ഹാഫില്‍ നില്‍ക്കുമ്പോള്‍ പന്ത് കിട്ടിയിട്ടും അതിവേഗത്തില്‍ അവരുടെ ഗോള്‍ മുഖത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനു പകരം ആ നാല് പേരെയും കൂടെ പ്രതിരോധ ഭിത്തിയില്‍ ചേരാന്‍ അനുവദിക്കുന്ന രീതിയില്‍ കളിച്ച സ്ലോ പാസ്സിംഗ് ഗെയിം തന്നെയാണു വിനയായതും.

ഐസ് ലന്‍ഡിനു സത്യത്തില്‍ ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ക്ക് ശ്രമിക്കാമായിരുന്നു. അത്ര മാത്രം ദുര്‍ബലമായ ഒരു പ്രതിരോധം ഈ ലോകകപ്പില്‍ അര്‍ജന്റീനയെ എത്രത്തോളം മുന്നോട്ടു കൊണ്ട് പോകുമെന്ന് കണ്ടറിയണം.