പ്രവാസി സംരംഭം: ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

അബുദാബി: ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ ‘സരിഗമ രാഗം’ എന്ന സംഗീത ആല്‍ബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാര്‍ട്ടിലേക്കു കുതിക്കുന്നു. മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആല്‍ബമാണ് ‘സരിഗമരാഗം’.

സുബൈര്‍ തളിപ്പറമ്പ് രചനയും സംഗീതവും നിര്‍വ്വഹിച്ച് 2008ല്‍ റിലീസ് ചെയ്ത ‘ഇനിയെന്ന് കാണും ‘ എന്ന ആല്‍ബത്തിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമരാഗം… തകധിമി മേളം….’ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട്. വടക്കേ മലബാറിലെ മുസ്ലിം വിവാഹ വേദിയുടെ പ്രൗഢിയും സവിശേഷതകളും മണവാളന്റെയും മണവാട്ടിയുടെയും വിശേഷങ്ങളും വിവരിക്കുന്ന ആകര്‍ഷകമായ വരികള്‍, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം കിട പിടിക്കുന്ന തരത്തില്‍ ആര്‍ജ്ജവത്തോടെ പാടി ഫലിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകര്‍ പത്തു വര്‍ഷമായി നെഞ്ചേറ്റിയ സരിഗമരാഗം എന്ന ഈ ഗാനം ഗള്‍ഫില്‍ അടക്കം നിരവധി വേദി കളിലും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും ഗായിക രഹ്ന തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചു വരുന്നു. രണ്ടു പതിറ്റാണ്ടു കാലം ദുബായില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സുബൈര്‍ തളിപ്പറമ്പും ആദ്യമായി ഈ ആല്‍ബത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാവിഷ്‌കാരത്തിന്റെ പ്രത്യേകതയാണ്.

സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറില്‍ സിദ്ധീഖ് ചേറ്റുവ നിര്‍മ്മിച്ച് മില്ലേനിയം വീഡിയോസ് പുറത്തിറക്കിയ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ കമറുദ്ധീന്‍ കീച്ചേരി, ഹംസ, ഷംസുദ്ധീന്‍ കുറ്റിപ്പുറം, റഫീഖ് തളിപ്പറമ്പ്, ജബ്ബാര്‍ മടക്കര എന്നിവരാണ്. സ്റ്റുഡിയോ: ഒബ്‌സ്‌ക്യൂറ തളിപ്പറമ്പ്.