ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ ഇളവ് നല്‍കാതെ ബ്രിട്ടന്‍ ; ശക്തമായ പ്രതിഷേധം

എളുപ്പത്തില്‍ വിസ ലഭ്യമാകുന്ന പട്ടികയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിവാക്കി ബ്രിട്ടന്‍. കുടിയേറ്റനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര്‍ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയത്. ഇതോടെ ഇന്ത്യ പട്ടികയില്‍ നിന്നും പുറത്തായി. അമേരിക്ക,കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയര്‍ 4 വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന,ബഹ്‌റിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളെയും ഇക്കുറി ഉള്‍പ്പെടുത്തി.

എന്നാല്‍, ബ്രിട്ടനുമായി മികച്ച സഹകരണം പുലര്‍ത്തുന്ന ഇന്ത്യയെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ബ്രിട്ടനിലേക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. പ്രത്യേക പട്ടികയിലുള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് പല ഇളവുകളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസപരവും സാമ്പത്തികപരവും ഇംഗ്‌ളീഷ് നിപുണതയും സംബന്ധിച്ച് വലിയ നിബന്ധനകള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരില്ല.

എന്നാല്‍,പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ കടമ്പ പ്രയാസമേറിയതാകും. പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ ബ്രിട്ടന്‍ ഇന്ത്യയെ അപമാനിക്കുകയാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ബ്രക്‌സിറ്റിനു ശേഷം സാമ്പത്തികമായി അസ്ഥിരമായ ബ്രിട്ടന് സഹായമെന്ന നിലയില്‍ ഇന്ത്യയില്‍ സ്വതന്ത്രവിപണി ലഭ്യമാകുന്ന കാര്യത്തെപ്പറ്റി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. അതിനിടെയുള്ള ഈ അവഗണന ബ്രിട്ടന്‍ ഇന്ത്യക്ക് നല്‍കുന്ന തെറ്റായ സന്ദേശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.