ബി ജെ പിക്ക് എതിരെ വിശാല സഖ്യത്തിന് വേദിയായി കെജ്‌രിവാളിന്റെ സമരം

അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മക്ക് വേദിയാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസഹകരണ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഓഫീസില്‍ ആറു ദിവസമായി മഖ്യമന്ത്രി കെജ്‌രിവാളും സഹമന്ത്രിമാരും സമരം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ പിന്തുണയുമായെത്തിയിരുന്നു. ഇതിനു പിന്നാലെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചു.

ബിജെപിക്കെതിരായ വിശാല സഖ്യത്തിന് കെജ്‌രിവാളിന്റെ പ്രതിഷേധ സമരം കാരണമാകുന്നതായുള്ള സൂചനകളാണ് ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാചര്യമെന്നാണ് വിലയിരുത്തല്‍. മമത ബാനര്‍ജിയും പിണറായി വിജയനും ഒരു വേദിയില്‍ ഒന്നിച്ചെത്തുകയും കെജ്‌രിവാളിന് പിന്തുണ അറിയിക്കുകയും ചെയ്തത്, വിഘടിച്ചുനില്‍ക്കുന്ന കക്ഷികള്‍പോലും പൊതുവായ വിഷയത്തില്‍ ഒന്നിക്കുന്നതിന്റെ സൂചനയായാണ് കരുതുന്നത്. മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെതിരെ ഒരേ സ്വരത്തിലാണ് ഈ മുഖ്യമന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചത്. ദിവസങ്ങള്‍ മുന്‍പുവരെ കെജ്‌രിവാള്‍ രാഷ്ട്രീയമായി സ്വീകാര്യതയുള്ള നേതാവായിരുന്നില്ല. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിശാലമായ ഒരു പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എഎപി അതിന്റെ ഭാഗമായി കടന്നുവന്നിരുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കാളുടെ യോഗം വിളിച്ചപ്പോഴും കെജ്‌രിവാള്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ ബിജെപി ഇതരരുടെ സംഗമത്തിലേക്കും കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നില്ല.

ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ കെജ്‌രിവാള്‍ സമരം ആംരഭിച്ച ആദ്യഘട്ടത്തില്‍ എഎപി ഒറ്റയ്ക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നീതി ആയോഗില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പുതിയ തലത്തിലേക്ക് വളരുകയായിരുന്നു. അതേസമയം കെജ്‌രിവാളിന് ലഭിക്കുന്ന പിന്തുണ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ സഖ്യത്തിന് വേദിയാകുമ്പോഴും കോണ്‍ഗ്രസ് ഇതിന്റെ ഭാഗമാകാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പരാജയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാഹചര്യം കോണ്‍ഗ്രസിനെ മാറ്റി ചിന്തിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.