ജലത്തിലെ മാലിന്യം ശുദ്ധീകരിക്കാന്‍ സ്പോഞ്ച് മതി ; ഇന്ത്യന്‍ വംശജയുടെ കണ്ടെത്തല്‍ ശ്രദ്ധേയം

ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മലിനമാകുന്നത് നമ്മുടെ ജലസമ്പത്ത് ആണ്. കാലങ്ങള്‍ കഴിഞ്ഞാല്‍ ശുദ്ധജലം കിട്ടാക്കനിയായി മാറും എന്നുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. നമ്മുടെ രാജ്യത്ത് തന്നെ മിക്ക നദികളും പുഴകളും മാലിന്യം കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ഇവ വൃത്തിയാക്കാന്‍ സര്‍ക്കാരുകള്‍ ഒന്നും തന്നെ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്നതിനുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജ. ഹൈദരാബാദില്‍ നിന്ന് അമേരിക്കയിലെത്തിയ പാവണി ചെറുകുപള്ളി എന്ന ഗവേഷകയാണ് സ്‌പോഞ്ച് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി വികസിപ്പിച്ചത്. സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌പോഞ്ച് തന്നെയാണ് ഇത്.

കടത്തിവിടുന്ന വെള്ളത്തിലുള്ള എണ്ണ ഉള്‍പ്പെടെയുള്ള ജൈവ, രാസ മാലിന്യങ്ങളെ ഒരു ഫില്‍റ്റര്‍ പോലെ സ്‌പോഞ്ച് വലിച്ചെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. പതിറ്റാണ്ടുകളായി മനുഷ്യന്‍ സ്‌പോഞ്ചുകള്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍ ജോലികള്‍ നടത്താറുണ്ട്. മിക്ക വീടുകളിലും അടുക്കളയില്‍ പാത്രങ്ങളും മറ്റും വൃത്തിയാക്കാനായി സ്‌പോഞ്ച് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പരിഷ്‌കരിച്ച മാര്‍ഗമാണ് പാവണിയുടേത്. പോളിയൂറിതീന്‍ കൊണ്ട് നിര്‍മ്മിച്ച ചാര്‍ജ് ചെയ്ത സ്‌പോഞ്ച് വെള്ളത്തിലെ മാലിന്യങ്ങളിലെ അയോണുകളെ ആകര്‍ഷിക്കും എന്നാണ് പാവണിയുടെ കണ്ടെത്തലിന് പിന്നിലെ ആശയം. ഇതിന്മേല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 98 ശതമാനത്തോളമാണ് പുതിയ രീതിയുടെ വിജയസാധ്യതയെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ചാര്‍ജുള്ളതും ഇല്ലാത്തതുമായ സ്‌പോഞ്ചുകളെ തമ്മില്‍ യോജിപ്പിച്ചുകൊണ്ടുള്ള മാര്‍ഗമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഈ മാര്‍ഗം പൂര്‍ണതോതില്‍ വികസിപ്പിക്കാനായാല്‍ ഇന്ത്യന്‍ നദികളിലെ മാലിന്യം നീക്കാന്‍ ഉപകരിക്കുമെന്നാണ് പാവണി വിശ്വസിക്കുന്നത്. ടൊറൊന്റൊ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പാവണി. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പാവണി ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിന് പുതിയ മാര്‍ഗം വികസിപ്പിച്ചത്.