സ്വര്‍ണ്ണം കൊണ്ട് ചിത്രം വരച്ചു നല്‍കാം എന്ന പേരില്‍ ഖത്തര്‍ രാജകുടുംബത്തിനെ പറ്റിച് കോടികള്‍ തട്ടിയ മലയാളി ഒളിവില്‍
ഖത്തര്‍ രാജകുടുംബത്തിലെ രാജ്ഞിയെ പറ്റിച്ചാണ് ഒരു വിരുതന്‍ കോടികള്‍ തട്ടിയത്. സ്വര്‍ണ ചട്ടക്കൂടില്‍ രാജാവിന്‍റെ ചിത്രം വരച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ് മലയാളി കോടികള്‍ തട്ടിയെടുത്തിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ രാജാവിന്റെ ആറടി ഉയരവും മൂന്നടി വീതിയും ഉള്ള ചിത്രം സ്വര്‍ണ ഫ്രയിമില്‍ വരപ്പിക്കാം എന്നാണ് ഇയാള്‍ രാജ്ഞിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ചിത്രകാരന്മാരെ കൊണ്ട് വരപ്പിക്കാമെന്നും ആ ചിത്രം ഖത്തര്‍ മ്യൂസിയം അതോറിറ്റിക്ക് കൈമാറാമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ രാജ്ഞിയില്‍ നിന്നും ഇയാള്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത് 5.80 കോടി രൂപയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇയാളുടെ കൊടുങ്ങല്ലൂരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണമെത്തിയിരിക്കുന്നത്.
മൊബൈല്‍ ബാങ്കിംഗ് വഴിയാണ് ഇയാള്‍ പണം തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചന. ചന്തപ്പുര വടക്ക് ഭാഗത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടിലേക്കാണ് കോടികള്‍ എത്തിയത്. ഇയാള്‍ അടുത്തിടെ മാത്രം തുറന്ന ബാങ്കിലെ അക്കൗണ്ടാണിതെന്നാണ് റിപ്പോര്‍ട്ട്. പണത്തിന്റെ വലിയൊരു ഭാഗം അക്കൗണ്ട് ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശി പിന്‍വലിച്ചിട്ടുമുണ്ട്. പണമെത്തിയ അക്കൗണ്ട് പോലീസ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. തട്ടിപ്പിന് ഇരയാക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് ഖത്തര്‍ രാജകുടുംബം നിയമനടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം ഖത്തര്‍ രാജകുടുംബം തൃശൂര്‍ ജില്ലാ സൂപ്രണ്ടിന് ഇമെയില്‍ വഴി തട്ടിപ്പിനെ കുറിച്ച് പരാതി നല്‍കി.
പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പണം നഷ്ടപ്പെട്ടതിനെ കുറിച്ച് നേരിട്ട് പരാതി നല്‍കാന്‍ ഖത്തര്‍ രാജകുടുംബത്തിന്റെ പ്രതിനിധി നേരിട്ട് കേരളത്തിലെത്തും. ഖത്തര്‍ രാജകുടുംബത്തില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതിന് പിന്നില്‍ കേരളത്തില്‍ മാത്രമല്ല വിദേശത്തും വേരുള്ള ഒരു സംഘം ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതേസമയം തട്ടിപ്പ് നടത്തിയ ആള്‍ ഇപ്പോള്‍ ഒളിവിലാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ സാധിക്കില്ല എന്നുമാണ് പോലീസ് പറയുന്നത്.