ടോറാന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് – 2018: ജേതാക്കളെ പ്രഖ്യാപിച്ചു

??????????

കൊച്ചി: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ ടോറാന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ Tisfa ഫൗണ്ടറും ബ്ലൂ സഫയര്‍ എന്റര്‍ടെയ്ന്‍മെന്റ് സി.ഈ.ഒയുമായ ശ്രീ. അജീഷ് രാജേന്ദ്രനാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മലയാളം, തമിഴ് സിനിമാ വിഭാഗങ്ങളിലായി 25 കാറ്റഗറിയും, 5 സ്പെഷ്യല്‍ ജൂറി ഉള്‍പ്പടെ മുപ്പത് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച നടനായും, നിമിഷ സജയന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തായും, ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായും മാറി. മികച്ച ചിത്രവും ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ തന്നെയാണ്. മൊത്തം അഞ്ച് അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്.

‘പുണ്ണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്’, ‘ആട്-2’ എന്നീ ചിത്രങ്ങളിലെ ഗംഭീരപ്രകടനത്തിലൂടെ ജയസൂര്യ മികച്ച ജനപ്രിയ താരമായി മാറി. തമിഴ് കാറ്റഗറിയില്‍ മികച്ച നടനായി പ്രേക്ഷകാംഗീകാരം നേടിയത് വിജയ് സേതുപതിയാണ്. ‘വിക്രംവേദ’ എന്ന ചിത്രത്തിലെ ഉജ്ജ്വല പ്രകടനമാണ് വിജയ് സേതുപതിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ‘അരുവി’ എന്ന ചിത്രത്തിലൂടെ അതിദി ബാലന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ടോറോന്റോയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. സൗത്ത് ഏഷ്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രമുഖ വിദേശ എന്റര്‍ടൈന്‍മെന്റ് കമ്പനി ലോകമൊട്ടാകെയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്നത്. ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അന്തിമ വിധിനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.

ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മേയ് 15 വരെ നീണ്ടു നിന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സിനിമാസ്വാധകര്‍ ഒരുപോലെയാണ് പങ്കെടുത്തത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചു.

ഓരോ കാറ്റഗറിയിലും മികച്ച രീതിയിലുള്ള വോട്ടിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നടന്ന ജഡ്ജിംഗ് അസ്സസ്മെന്റും കഴിഞ്ഞശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. ടോറോന്റോയുടെ ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്രതലത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ പൊതുജന പങ്കാളിത്വത്തോടെ മികച്ച സിനിമാപ്രവര്‍ത്തകരെ തെരഞ്ഞെടുത്തിരിക്കുന്നത്..

മറ്റ് അവാര്‍ഡുകള്‍
മികച്ച പുതുമുഖ നടന്‍: ആന്റണി വര്‍ഗ്ഗീസ് (ചിത്രം: അങ്കമാലി ഡയറീസ്)
മികച്ച പുതുമുഖ നടി: ഐശ്വര്യ ലക്ഷ്മി (ചിത്രം: മായാനദി)
മികച്ച ഛായാഗ്രഹകന്‍: ലിറ്റില്‍ സ്വയംമ്പ് (ചിത്രം: പറവ)
മികച്ച പുതുമുഖ സംവിധായകന്‍: സൗബിന്‍ ഷാഹിര്‍ (ചിത്രം: പറവ)
മികച്ച സംഗീത സംവിധായകന്‍: സൂരജ് എസ് കുറുപ്പ് (ചിത്രങ്ങള്‍: സോളോ, അലമാര)
മികച്ച ഗായകന്‍: അഭിജിത്ത് വിജയന്‍ (ചിത്രം: ആകാശ മിഠായി)
മികച്ച ഗായിക: ശ്വേത മോഹന്‍ (ചിത്രം: മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)
മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ് (ചിത്രങ്ങള്‍: ആകാശമിഠായി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒരു മെക്‌സിക്കന്‍ അപാരത, രാമലീല)
മികച്ച സഹനടി: ലെന (ചിത്രങ്ങള്‍: ആദം ജുവാന്‍, വിമാനം)

മലയാളം സ്പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍
സലിം കുമാര്‍ (സംവിധാനം): ചിത്രം: കറുത്ത ജൂതന്‍
ആസിഫ് അലി (അഭിനയം): ചിത്രം: കാറ്റ്
കുനാല്‍ കപൂര്‍ (അഭിനയം): ചിത്രം: വീരം
സുരഭി ലക്ഷ്മി (അഭിനയം): ചിത്രം: മിന്നാമിനുങ്ങ്

മലയാളം നോമിനേഷന്‍ കാറ്റഗറി
മികച്ച സംവിധായകന്‍: ചന്ദ്രന്‍ നരീക്കോട് (ചിത്രം: പാതി)

തമിഴ് സിനിമ കാറ്റഗറി
മികച്ച ചിത്രം: കുരങ്ങു ബൊമ്മെ
മികച്ച സംവിധായകന്‍: അരുണ്‍ പ്രഭു (ചിത്രം – അരുവി)
മികച്ച സംഗീത സംവിധായകന്‍: ഡി. ഇമ്മാന്‍ (ചിത്രങ്ങള്‍: കറുപ്പന്‍, ബോഗന്‍, ശരവന്‍ ഇറുക്കെ ഭയമേന്‍)
മികച്ച ഗായകന്‍: സിദ് ശ്രീറാം (ചിത്രം: എന്നെ നോക്കി പായും തോട്ട)
മികച്ച ഗായിക: ലുക്ഷ്മി ശിവനേശ്വര ലിംഗം (ചിത്രം: ബോഗന്‍)
മികച്ച സഹനടന്‍: ഭാരതി രാജ (ചിത്രം: കുരങ്ങു ബൊമ്മെ)
മികച്ച സഹനടി: നിത്യ മേനോന്‍ (ചിത്രം: മെര്‍സല്‍)

തമിഴ് സ്പെഷ്യല്‍ ജൂറി അവാര്‍ഡ്
രമ്യാകൃഷ്ണന്‍ (അഭിനയം): ചിത്രം: ബാഹുബലി