കനത്ത മഴ ; താമരശേരി ചുരത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു
കനത്ത മഴയില്‍ ചുരത്തിലെ റോഡിനു ബലക്ഷയം ഉണ്ടായതിനെ തുടര്‍ന്ന്‍ താമരശേരി ചുരത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനേത്തുടര്‍ന്ന് വലിയ വാഹനങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ മണ്ണിടിഞ്ഞിരുന്നു. റോഡിന്റെ ടാറിട്ട ഭാഗം വരെ ഇടിഞ്ഞതിനാല്‍ യാത്ര നിരോധിച്ചു. വലിയ വാഹനങ്ങള്‍ അന്നുമുതലേ നിരോധിച്ചിരുന്നു. കോഴിക്കോടുനിന്നുമുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിച്ചു വിട്ടു.
മള്‍ട്ടി ആക്‌സില്‍ ബസുകളുള്‍പ്പെടെ യാത്രയും നിര്‍ത്തിവെച്ചു. താമരശേരി ഭാഗത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചിപ്പിലിത്തോടുവരെയും കല്പറ്റഭാഗത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ 29ാം മൈല്‍ വരേയും സര്‍വീസ് നടത്തും. ഇടക്കുള്ള 200 മീറ്റര്‍ ദൂരം യാത്രക്കാര്‍ നടന്നു പോകണം. മറ്റു വാഹനങ്ങള്‍ക്കൊന്നും ചുരത്തില്‍ പ്രവേശനമില്ലെന്നും കളക്ടര്‍ അറിയിച്ചു. ഇവിടെ ഗതാഗതം നിരോധിച്ചതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് കുറ്റ്യാടി ചുരം വഴിയോ മലപ്പുറം ജില്ലയിലെ നാടുകാണി ചുരം വഴിയോ കണ്ണൂര്‍ – വയനാട് വഴിയോ യാത്ര ചെയ്യേണ്ടി വരും.