വിയന്നയിലെ കുരുന്നിലൂടെ ഡബ്ലിയു.എം.എഫ് തായ് ലന്‍ഡിന്റെ സഹായം അനാഥാലയത്തിന്
ബാങ്കോക്/വിയന്ന: മനസുണ്ടെങ്കില്‍ സഹായം ആവശ്യമുള്ളവരെ എങ്ങനെയെങ്കിലുമൊക്കെ സഹായിക്കാന്‍ സാധിക്കും, ഏതു അവസരവും അതിനുള്ള നിമിത്തവുമാകാം. അത്തരത്തിലുള്ള ഒരു കുഞ്ഞു ഉദാഹരണമായിട്ടാണ് കുരുന്നായ ഓസ്റ്റിന്‍ പഞ്ഞിക്കാരന്റെ മാതാപിതാക്കള്‍ തങ്ങള്‍ക്കു ലഭിച്ച പാരിതോഷകളിലൂടെ പങ്കുവച്ചത്.
വിയന്നയില്‍ നിന്നും കുഞ്ഞു ഓസ്റ്റിന്‍ പഞ്ഞിക്കാരന്റെ കുടുംബം തായ് ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. അവിടെ ഓസ്റ്റിന്റെ അമ്മവീട്ടില്‍ തായ് സമ്പ്രദായത്തില്‍ സംഘടിക്കപ്പെട്ട ചടങ്ങില്‍ ലഭിച്ച മുഴുവന്‍ സമ്മാനങ്ങളും ഡബ്ലിയുഎംഎഫ് തായ് ലന്‍ഡ് നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനത്തിനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ വിട്ടുനല്‍കി.
വടക്കന്‍ തായ് ലന്‍ഡിലെ ലോം സാകിലുള്ള തദ്ദേശീയരും അഭയാര്‍ത്ഥികളുമായ കുരുന്നുകളെ സംരക്ഷിക്കുന്ന ബാന്‍ ടെക് ഫ്ര അനാഥാലയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് സൂക്ഷിച്ചു വയ്ക്കാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രൂപത്തിലും, സ്‌കൂള്‍ സ്റ്റേഷനറി സാധനങ്ങളായും ലഭിച്ച തുക, ഡബ്ലിയുഎംഎഫ് തായ് ലന്‍ഡിന്റെ സാന്നിധ്യത്തില്‍ കൈമാറി. ഓസ്റ്റിന്റെ കുടുംബം സ്‌നേഹവിരുന്നിനൊപ്പം കലാവിരുന്നോട് കൂടി ചടങ്ങ് അവിസ്മരണീയമാക്കി.
ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രധാന സ്വഭാവങ്ങളിലൊന്നായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ലഭിച്ച ഒരു അവസരമായിട്ടാണ് ഈ സന്ദര്‍ഭം വിനിയോഗിച്ചതെന്ന് സംഘടനയുടെ ഗ്ലോബല്‍ കോഓര്‍ഡിനേറ്ററായ വര്‍ഗീസ് പഞ്ഞിക്കാരന്‍ പറഞ്ഞു. ഇത്തരം ഒരു അവസരം ഒരുക്കിയ കുഞ്ഞു ഓസ്റ്റിന്റെ മാതാപിതാക്കളായ ബേസിലിനും ജൂണിനും തായ് ലന്‍ഡ് ഡബ്ലിയുഎംഎഫിന്റെ ദേശിയ ഭാരവാഹികള്‍ നന്ദി അറിയിച്ചു.
ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ബേസില്‍ മെഡിക്കല്‍ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയശേഷം വിയന്നയിലെ ജനറല്‍ ഹോസ്പിറ്റലില്‍ (AKH) അനസ്‌തേഷ്യന്‍ ആയി ജോലി ചെയ്യുകയാണ്. ഡബ്ലിയുഎംഎഫിന്റെ ഭാവി സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ബേസിലിന്റെയും കുടുംബത്തിന്റെയും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.