ഭാര്യക്ക് താടിയും ആണുങ്ങളുടെ ശബ്ദവും ; ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി
തന്‍റെ ഭാര്യയ്ക്ക് താടിയും ആണ്‍ശബ്ദവുമാണെന്ന കാരണങ്ങള്‍ ഉന്നയിച്ച് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജി കോടതി തള്ളി. അഹമ്മദാബാദിലെ കുടുംബകോടതിയിലാണ് ഇത്തരത്തില്‍ ഒരു വിവാഹമോചന ഹര്‍ജി എത്തിയത്. വിവാഹം കഴിക്കുന്നതിന് മുന്‍പ് ഭാര്യയ്ക്ക് താടിയില്‍ ഇത്രയും രോമമുള്ള കാര്യം തന്നില്‍ നിന്ന് മറച്ചുവച്ചു. താടിയും ആണ്‍ശബ്ദവുമുള്ള കാര്യം തനിക്കറിയില്ല എന്നീ കാരണങ്ങള്‍ കാട്ടിയാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. മുസ്ലീം മതസ്ഥരാണ് ഇരുവരും. വിവാഹത്തിനുമുമ്പേ തങ്ങള്‍ പരസ്പരം കണ്ടിരുന്നു എന്നാല്‍ മൂടുപടം ധരിച്ചിട്ടുണ്ടായിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല.
മതാചാരത്തിന് വിരുദ്ധമായതിനാല്‍ മുഖം പൂര്‍ണമായും കാണണമെന്ന് താന്‍ അന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഭര്‍ത്താവ് ഹര്‍ജി പരിഗണിക്കവേ സമ്മതിച്ചു. അതേസമയം ഹോര്‍മോണ്‍ പ്രശ്‌നമുള്ളതിനാല്‍ മുഖത്ത് രോമങ്ങളുണ്ടെന്നത് ശരിയാണ്. എന്നാല്‍ ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂവെന്നും ഭാര്യ വാദിച്ചു. വിവാഹമോചനം നേടി തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ് ഹര്‍ജിയിലെന്നും അവര്‍ വ്യക്തമാക്കിയതോടെ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് ഭര്‍ത്താവ് അറിയിക്കുകയും ഹര്‍ജി കോടതി തള്ളുകയായിരുന്നു.