എ ടി എമ്മില്‍ നിന്നും എലികള്‍ കരണ്ടു തീര്‍ത്തത് 12.38 ലക്ഷം രൂപ
അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലെ എസ് ബി ഐയുടെ എ ടി എമ്മിലാണ് സംഭവം. 12.38 ലക്ഷം രൂപയാണ് എ ടി എമ്മിനുള്ളില്‍ കടന്ന ചുണ്ടലികള്‍ നശിപ്പിച്ചത്. മേയ് 19 ന് ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയാണ് 29.48 ലക്ഷം രൂപ എ ടി എമ്മില്‍ നിക്ഷേപിച്ചത്. മേയ് 20 ന് മെഷീന്‍ തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11ന് പണം നിക്ഷേപിച്ച കമ്പനി എ ടി എം തുറന്നു. അപ്പോഴാണ് 12.38 ലക്ഷം രൂപ ചുണ്ടെലികള്‍ കരണ്ട നിലയില്‍ കണ്ടെത്തിയത്. 500,2000 നോട്ടുകളാണ് കരണ്ടു നശിപ്പിച്ചതില്‍ അധികവും.
17 ലക്ഷത്തോളം നോട്ടുകള്‍ കേടുപാടു പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് പ്രാദേശിക ചാനലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നോട്ടുകള്‍ ചുണ്ടെലി കരണ്ടുനശിപ്പിച്ചെന്ന നിഗമനത്തോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവരുമുണ്ട്. മേയ് 20നു കേടായ എ ടി എം നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയത് എന്തിനെന്നു ഇവര്‍ ചോദിക്കുന്നു. കൂടാതെ ഈ പോയ പണവും സാധാരണക്കാരുടെ കൈയില്‍ നിന്നും ഫൈന്‍ എന്ന പേരില്‍ എസ്ബിഐ മുതലാക്കുമോ എന്ന സംശയവും അവര്‍ മുന്നോട്ടു വെയ്ക്കുന്നു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.