പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ നിര്‍ദേശം
കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടർതീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം. കുന്നിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്നാണ് നടപടി. കുളങ്ങള്‍ വറ്റിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് ആണ് നിര്‍ദേശം നല്‍കിയത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്‍ക്കിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാലു കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. അനധികൃതമായി നിര്‍മിച്ച പാര്‍ക്കില്‍ അപകടഭീഷണിയുയര്‍ത്തുന്ന രീതിയില്‍ വെള്ളം സംഭരിച്ചിരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയുണ്ടായിരുന്നു.
എന്നാൽ വെള്ളം എങ്ങനെ വറ്റിക്കണമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. കഴിഞ്ഞ ദിവസം പാര്‍ക്കിനുള്ളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം വരുന്നത്. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരുന്നു. കോഴിക്കോട് 13 പേര്‍ കൊല്ലപ്പെടാന്‍ ഇടയായ ഉരുള്‍പൊട്ടലിന് കാരണമായത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി കെട്ടിയുണ്ടാക്കിയ തടയണയാണ് എന്ന് ആരോപണങ്ങള്‍ ഉയരുന്നതിന്റെ ഇടയിലാണ് എംഎല്‍എയുടെ വാട്ടർതീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്.