ഏറ്റവും ഉയര്‍ന്ന വണ്‍ഡേ സ്‌കോര്‍: റെക്കോര്‍ഡിന്റെ ചരിത്രം ഇങ്ങനെ
ഏറ്റവും ഉയര്‍ന്ന വണ്‍ ഡേ സ്‌കോര്‍ റെക്കോര്‍ഡുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍, 1975 മുതല്‍ 2018 വരെയുള്ളവയില്‍ 9ല്‍ നാലു തവണ്ണയുല്‍ ഇംഗ്ലണ്ട് ഏകദിന ടീം ആണ് ആ നേട്ടം കയ്യടക്കിയിട്ടുള്ളത്. എന്നാല്‍ വനിതകളാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയിരിക്കുന്നത്. വനിതാ ഏകദിന റെക്കോര്‍ഡില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്നു സ്‌കോറുകള്‍ ന്യൂസീലാന്‍ഡ് ടീമിന് സ്വന്തം.
1970ല്‍ ഏകദിന മത്സരങ്ങള്‍ ആരംഭിച്ച ശേഷം ഏറ്റവുമധികം റണ്‍ എന്ന റെക്കോര്‍ഡ് (300 റണ്‍സിന് മുകളില്‍) ഭേദിച്ച പുരുഷ വനിതാ ഏകദിന ചരിത്രം പരിശോധിക്കാം.
വനിതാ ഏകദിനം
1988ല്‍ ന്യൂസീലാന്‍ഡ് നേടിയ 297/5 (60 ഓവര്‍) നെതര്‍ലണ്ടിനെതിരെ
അന്നത്തെ വേള്‍ഡ് കപ്പ് മത്സരത്തില്‍ നെതര്‍ലണ്ടിനെതിരെ നിക്കി ടര്‍ണ്ണര്‍ (114), ജാക്കി ക്ലാര്‍ക് (85) എന്നിവരുടെ മികച്ച ബാറ്റിങ്ങില്‍ ന്യൂസീലാന്‍ഡ് 300 എന്ന സ്‌കോറിന് തൊട്ടടുത്ത് വരെ എത്തി. നെതര്‍ലണ്ട് അന്ന് വെറും 87 റണ്‍സിന് പുറത്തായി.
1997ല്‍ ന്യൂസീലാന്‍ഡ് നേടിയ 455/5 (50 ഓവര്‍) പാകിസ്താനെതിരെ
21 വര്‍ഷം നിലനിന്ന സ്വന്തം റെക്കോര്‍ഡ് 300 എന്ന സംഖ്യയും കടന്ന് പാകിസ്താനെതിരെ മയിയ ലെവിസിന്റെ സെഞ്ച്വറിയുടെയും, ഡെബ്ബി, ട്രൂഡി, ക്ലെയര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുടെയും പിന്‍ബലത്തില്‍ 455 റണ്‍സ് നേടി. ഈ സമയം പുരുഷ ടീം ഈ സംഖ്യാ കടന്നിട്ടില്ല എന്നതും ശ്രദ്ധേയം.
2018ല്‍ ന്യൂസീലാന്‍ഡ് നേടിയ 490/5 (50 ഓവര്‍) അയര്‍ലണ്ടിനെതിരെ
19 വര്‍ഷം കഴിഞ്ഞ് സ്വന്തം റെക്കോര്‍ഡ് വീണ്ടും തിരുത്തുന്നു. 500 എന്ന സ്‌കോറിന് വെറും 10 റണ്‍സ് താഴെ. പുരുഷ വനിതാ ഭേദമന്യേ ഏകദിനത്തിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് 490. ന്യൂസീലാന്‍ഡിനു വേണ്ടി സൂസി ബേട്‌സ്, മാഡി ഗ്രീന്‍ എന്നിവര്‍ സെഞ്ച്വറി നേടി. ആതിഥേയരായ അയര്‍ലന്‍ഡ് 144 റണ്‍സിന് പുറത്തായി 346 റണ്‍സിന് തോറ്റു.
പുരുഷ ഏകദിനം
1975ല്‍ ഇംഗ്‌ളണ്ട് നേടിയ 334 (60 ഓവര്‍) ഇന്ത്യക്കെതിരെ
ആദ്യമായി ഒരു ഏകദിന ടീം 300 കടക്കുന്നത് അന്നാണ്. ഇന്ത്യക്കെതിരെ 1975 വേള്‍ഡ് കപ്പ് ഉല്‍ഘാടന മത്സരത്തില്‍ ഡെന്നിസ് അമിസ് 137 റണ്‍സ് നേടി. അതെ മത്സരത്തില്‍ ആണ് സുനില്‍ ഗവാസ്‌ക്കര്‍ 174 പന്തില്‍ നിന്നും 36 റണ്‍സ് എടുക്കുന്നത്.
1983ല്‍ പാകിസ്ഥാന്‍ നേടിയ 338/5 (60 ഓവര്‍) ശ്രീലങ്കയ്ക്കെതിരെ
ഈ റെക്കോര്‍ഡ് സ്‌കോറും പിറന്നത് വേള്‍ഡ് കപ്പില്‍ തന്നെ. മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, മോഹ്സിന്‍ ഖാന്‍ എന്നിവര്‍ തിളങ്ങിയ മത്സരത്തില്‍ ശ്രീലങ്ക നേടിയത് 288 റണ്‍സ്. ശ്രീലങ്ക അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു തുടങ്ങിയ വര്‍ഷമായിരുന്നു അത്.
1987ല്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ 360/4 (50 ഓവര്‍) ശ്രീലങ്കയ്ക്കെതിരെ
അതും മറ്റൊരു വേള്‍ഡ് കപ്പില്‍ ശ്രീലങ്കയ്ക്കെതിരെ തന്നെ. വിന്‍ഡീസിന് വേണ്ടി വിവ് റിച്ചാര്‍ഡ്സ് 181 റണ്‍സും ഡെസ്മണ്ട് ഹെയ്ന്‍സ് 105 റണ്‍സും നേടി. ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാനായത്.
1992ല്‍ ഇംഗ്‌ളണ്ട് നേടിയ 363/7 (55 ഓവര്‍) പാകിസ്താനെതിരെ
ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ അക്രം, വക്കാര്‍ യൂനുസ്, മുഷ്താഖ് എന്നിവര്‍ അടങ്ങുന്ന പാകിസ്താന്റെ ബൗളിംഗ് പ്രതിഭകളെ തകര്‍ത്തുകൊണ്ട് റോബിന്‍ സ്മിത്ത്, നീല്‍ ഫെയര്‍ബ്രദര്‍, ഗ്രേയിന്‍ ഹിക്ക് എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 165 ന് പുറത്തായി.
1996ല്‍ ശ്രീലങ്ക നേടിയ 398/5 (50 ഓവര്‍) കെനിയക്കെതിരെ
ശ്രീലങ്ക ജേതാക്കളായ വേള്‍ഡ് കപ്പില്‍, കെനിയക്കെതിരെ അരവിന്ദ ഡിസില്‍വ 145, ഗുരുസിന്‍ഹ 84, റണത്തുങ്ക 75 റണ്‍സും നേടി. കെനിയ 254ന് പുറത്ത്.
2006ല്‍ ദക്ഷിണാഫ്രിക്ക നേടിയ 438/9 ഓസ്ട്രേലിയക്കെതിരെ
ജോഹന്നാസ്ബര്‍ഗിലെ അവിസ്മരണീയ മത്സരം, പോണ്ടിങ് നേടിയ 164 റണ്‍സിന്റെ പിന്തുണയില്‍ ആദ്യം 400 റണ്‍സ് എന്ന റെക്കോര്‍ഡ് ഭേദിച്ച് ഓസ്‌ട്രേലിയ 434 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഹെര്‍ഷെല്‍ ഗിബ്‌സ് 175 അടിച്ചുകൂട്ടി, കൂടാതെ അവസാന ഓവറുകളില്‍ മാര്‍ക്ക് ബൗച്ചറിന്റെ മികച്ച ബാറ്റിങ്ങും ഒരു ബോള്‍ ബാക്കി നില്‍ക്കെ ഓസ്ട്രേലിയുടെ സ്‌കോര്‍ മറികടന്ന് അവര്‍ 438 നേടി വിജയിച്ചു.
2006ല്‍ ശ്രീലങ്ക നേടിയ 443/9 നെതര്‍ലണ്ടിനെതിരെ
ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ റെക്കോര്‍ഡ് കുറച്ചു മാസങ്ങള്‍ മാത്രമേ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളു. ജയസൂര്യയുടെയും ദില്‍ഷന്റെയും സെഞ്ചുറികളുടെ ബലത്തില്‍ ശ്രീലങ്ക നെതര്‍ലണ്ടിനെതിരെ 443 നേടി. നെതര്‍ലണ്ട് വെറും 248 റണ്‍സ് മാത്രമാണ് നേടിയത്.
2016ല്‍ ഇംഗ്‌ളണ്ട് നേടിയ 444/3 പാകിസ്താനെതിരെ
10 കൊല്ലമാണ് ശ്രീലങ്ക ഉയര്‍ത്തിയ റെക്കോര്‍ഡ് നിലനിന്നത്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി അലക്‌സ് ഹാലെസ് 171 റയോണ്‍സ് നേടി, ജോ റൂട്ട് (85), ജോസ് ബട്ട്‌ലര്‍ (90) എന്നിവരുടെ പിന്തുണയോടെ ഇംഗ്‌ളണ്ട് 444 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 275നു പുറത്തായി.
2018ല്‍ ഇംഗ്‌ളണ്ട് നേടിയ 481/6 ഓസ്ട്രേലിയക്കെതിരെ
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഭാഗ്യ ഗ്രൗണ്ടായ ട്രെന്റ് ബ്രിഡ്ജില്‍ തന്നെ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഇംഗ്‌ളണ്ട്. ഓസ്ട്രേലിയക്കെതിരെ അലക്‌സ് ഹാലെസും (147 റണ്‍സ്) ബെയര്‍സ്റ്റോയും (139) സെഞ്ച്വറി നേടി. ഓസ്ട്രേലിയ 239 റണ്‍സിന് എല്ലാരും പുറത്തായി 242 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.