രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കമല്‍ ഹാസന്‍

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ .രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കൂടാതെ പ്രിയങ്ക വദ്രയുമായും കമല്‍ഹാസന്‍ സംസാരിച്ചു. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ചും രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും ഇരുവരും തമ്മില്‍ സംസാരിച്ചതായാണ് വിവരം. സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് പിന്നീട് കമല്‍ഹാസന്‍ പറഞ്ഞു.

അതുപോലെ കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നും. രണ്ടു പാര്‍ട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും തമിഴ്‌നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ചയായതായും അദ്ദേഹം ട്വീറ്റ് ചെയ്തു. തമിഴിലെ പ്രമുഖ താരങ്ങളായ രജനികാന്തും കമല്‍ ഹാസനും ഈയിടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കമല്‍ ഹസന്‍. അതേസമയം തങ്ങള്‍ക്ക് സ്ഥാനം ഉറപ്പിക്കാന്‍ രജനിയുടെ പാര്‍ട്ടിയെ കൂട്ടുപിടിക്കുവാനാണ് ബി ജെ പിയുടെ ശ്രമം.