ദളിത് വിഭാഗത്തെ കേരളത്തിലെ കോണ്‍ഗ്രസ് അവഗണിക്കുന്നു


സംവരണാടിസ്ഥാനത്തില്‍ വരുന്ന ചില സീറ്റുകളില്‍ മത്സരിപ്പിക്കുന്നതിലല്ലാതെ നേതൃ നിരയിലേക്ക് ദളിത് വിഭാഗത്തെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരുന്നില്ല. ഒരു ചാനല്‍ അഭിമുഖത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി യാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ഈ ആരോപണം ഉന്നയിച്ചത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കണം. ഈ ആവശ്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ തനിക്കും അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.

സാമ്പത്തികമായും സാമൂഹികമായും പിറകില്‍ നില്‍ക്കുന്ന പട്ടിക ജാതിയില്‍ പെട്ട ഒരാള്‍ക്ക് ഒറ്റയ്ക്ക് പോരാടി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുന്നോട്ടു വരാന്‍ കഴിയുന്നില്ല. നൂറും നൂറ്റമ്പതും ബോര്‍ഡും കോര്‍പ്പറേഷനും ഉള്ള സംസ്ഥാനത്തു കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ദളിതന് ആകെ നല്‍കുന്നത് പട്ടിക ജാതി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ്. ഈ സാഹചര്യം കൊണ്ടൊക്കെ തന്നെ ഈ വിഭാഗം കോണ്‍ഗ്രസില്‍ നിന്നും അകലുകയാണ്. അവരെ അവഗണിക്കുന്നു എന്ന തോന്നല്‍ മറ്റു കോണ്‍ഗ്രസ് ഇതര പ്രസ്ഥാനങ്ങളോട് അവരുടെ സമീപനത്തില്‍ നിന്നും സ്പഷ്ടമായി മനസിലാക്കാം.

പാര്‍ട്ടിയുടെ കേന്ദ്ര തലത്തിലും മറ്റു വടക്കന്‍ സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. അവിടെ ദളിത് പിന്നോക്ക ജാതിയില്‍ പെട്ടവര്‍ക്ക് നല്ല പരിഗണനയാണ് നല്‍കിവരുന്നത്. അവിടെ നിന്നും കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് ഒട്ടനവധി നേതാക്കള്‍ വന്നിട്ടുണ്ട്.