ജസ്നയെ കാണാതായിട്ട് നൂറുദിവസം ; പി സി ജോര്‍ജ്ജിന്‍റെ വാദങ്ങളെ ന്യായീകരിച്ച് നാട്ടുകാരും ; ജസ്നയുടെ അച്ഛൻ നിർമ്മിക്കുന്ന കെട്ടിടത്തില്‍ ദൃശ്യം മോഡൽ പരിശോധന
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ കേരളാ പോലീസ് നാട്ടിലേയ്ക്ക് ചുരുക്കി. ഗോവയില്‍ പോയി വിശദമായി അന്വേഷണം നടത്തി എങ്കിലും ഒരു തെളിവും ലഭിക്കാത്തത് കാരണമാണ് അന്വേഷണം ജസ്‌നയുടെ നാട്ടില്‍ തന്നെ വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലടക്കം നടത്തിയ അന്വേഷണത്തില്‍ കാര്യമായിട്ടൊന്നും കിട്ടാതെ വന്നതോടെ ജസ്നയുടെ വീട്ടുകാരിലേക്കും ബന്ധുക്കളിലേക്കും മറ്റ് അടുപ്പമുള്ളവരിലേക്കും തന്നെ പോലീസ് തിരിഞ്ഞിരിക്കുകയാണ്. ജസ്നയുടെ സഹോദരനെ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ജസ്നയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ജസ്നയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് നാട്ടില്‍ സ്ഥാപിച്ച പെട്ടികളില്‍ നിന്നുള്ള അഞ്ച് സൂചനകളാണ് പോലീസിന് മുന്നിലിപ്പോള്‍ നിര്‍ണായകമായിട്ടുള്ളത്. അതില്‍ നിന്നും ജസ്നയുടെ അച്ഛന്റെ കമ്പനി നിര്‍മ്മിക്കുന്ന വീട്ടില്‍ ദൃശ്യം സിനിമയുടെ മോഡലില്‍ പോലീസ് പരിശോധന നടത്തി. മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ജസ്ന പിന്നെ തിരികെ വന്നിട്ടില്ല. മൊബൈല്‍ ഫോണും പഴ്സും പോലും എടുക്കാതെ ജസ്ന പോയത് എവിടേക്ക് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. അന്ന് മുക്കൂട്ടുതറയില്‍ നിന്ന് ജസ്ന ബസ് കയറുമ്പോള്‍ അടുത്ത ബന്ധു ആ ബസ്സിന് പിന്നാലെ യാത്ര ചെയ്തിരുന്നുവെന്ന് ഒരു ബന്ധു പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാലീ മൊഴിയില്‍ വിശദമായ അന്വേഷണം നടന്നില്ല.
അതേസമയം പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങളെ പറ്റിയും പോലീസ് അന്വേഷിക്കും എന്നാണു അറിയുന്നത്. ജസ്നയുടെ അച്ഛന്‍ ജെയിംസിന് എതിരെ നേരത്തെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. ജെയിംസിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഇതാണ് ജസ്നയുടെ തിരോധാനത്തിന് പിന്നിലെന്നും പിസി ജോര്‍ജ് ആരോപിച്ചു. നാട്ടുകാരില്‍ നിന്നാണ് തനിക്കീ വിവരം ലഭിച്ചത് എന്നും ജസ്നയുടെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ ജസ്നയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞിരുന്നത്. ജസ്നയുടെ വീട് താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും വീട്ടുകാര്‍ക്ക് ജസ്നയുടെ തിരോധാനത്തില്‍ വലിയ വിഷമം ഉള്ളതായി തോന്നിയില്ലെന്നും വീട്ടില്‍ വരുന്ന വിഐപികളെ സ്വീകരിക്കുന്ന ആവേശത്തിലായിരുന്നു അവരെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജിന്റെ ആരോപണം തള്ളിയ കുടുംബം എംഎല്‍എയെ വിമര്‍ശിച്ച് രംഗത്ത് എത്തി.
ജസ്‌നയെ കണ്ടെത്താന്‍ രൂപീകരിച്ച ആക്ഷന്‍ കൌണ്‍സിലും കുടുംബത്തിന് നേരെ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. പിസി ജോര്‍ജടക്കം ആരോപിച്ചത് പോലെ ജസ്നയെ കാണാതായതില്‍ വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് അച്ഛന്റെ കണ്‍സ്ട്രക്ഷന്‍ സൈററിലടക്കം പോലീസ് നടത്തിയ പരിശോധന. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം കൊല്ലപ്പെട്ടയാളുടെ മൃതദേഹം പുതുതായി പണി കഴിപ്പിക്കുന്ന പോലീസ് സ്റ്റേഷന് ഉള്ളിലാണ് കുഴിച്ചിട്ടിരുന്നത്. ഇത്തരമൊരു സംശയത്തിന്റെ പുറത്താവാം പോലീസ് നീക്കമെന്ന് കരുതണം. എന്നാല്‍ ഈ പരിശോധനയില്‍ പോലീസിന് പുതുതായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. അതേസമയം ജസ്നയുടെ അച്ഛന്‍ ജെയിംസ് പോലീസിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോയി പോലീസ് സമയം കളയുകയാണ് എന്നും ജസ്നയെ കണ്ടെത്താനുള്ള സാധ്യത കുറയുകയാണ് എന്നും ജെയിംസ് പ്രതികരിച്ചു. തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പരിഗണിക്കാതെ നാട്ടുകാര്‍ പറയുന്നത് കേട്ടാണ് അന്വേഷണമെന്നാണ് ജസ്നയുടെ കുടുംബത്തിന്റെ ആരോപണം. അതുപോലെ ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം.
അന്വേഷണ സംഘം നിരവധി തവണ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും വിട്ട് സംസാരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. ജസ്‌ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് തന്നെയാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്. ജസ്‌നയെ കാണാതായതിന് പിറ്റേ ദിവസം ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കൂട്ടുതറയില്‍ നിന്ന് വളരെ അടുത്താണ് പരുന്തും പാറ. യുവാവിനൊപ്പം ജസ്‌ന മുന്‍പും ഇവിടെ പോയിട്ടുണ്ടത്രേ. അതിനാല്‍ യുവാവിന് ജസ്‌നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു. ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ജസ്‌നയുടെ മാസമുറ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളാണ് അതെന്നും അതില്‍ രണ്ട് മാസം മുന്‍പ് തന്നെ അന്വേഷണം നടത്തിയിരുന്നെന്നും പോലീസ് പറയുന്നു.