ഖത്തര്‍ രാജകുടുംബത്തിനെ പറ്റിച്ച് അഞ്ചു കോടി തട്ടിച്ച മലയാളി പിടിയില്‍ ; പണം തട്ടിച്ചത് ധൂര്‍ത്തടിച്ചു ജീവിക്കാന്‍
രാജകുടുംബത്തിനെ പറ്റിച്ച കേസില്‍ എണറാകുളം പറവൂര്‍ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം ഇരുപതാം കല്ലിലെ താമസക്കാരനുമായ മുളയ്ക്കല്‍ സുനില്‍ മേനോനാണ് പോലീസ് പിടിയിലായത്. കംപ്യൂട്ടര്‍ വിദഗ്ധനായ ഇയാള്‍ ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് പണം തട്ടാന്‍ വ്യാജ ഇമെയില്‍ അക്കൗണ്ടുകളെയും വ്യക്തികളെയും സൃഷ്ടിക്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ സഹോദരിയുടെ ഇമെയിലില്‍ നുഴഞ്ഞുകയറിയാണ് ഇയാള്‍ കോടികളുടെ തട്ടിപ്പിന് കളം ഒരുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിന് സുനില്‍ മേനോന്‍ കളമൊരുക്കിയത്. കൊടുങ്ങല്ലൂരിലിരുന്നായിരുന്നു എല്ലാ നീക്കങ്ങളും. ഖത്തര്‍ മ്യൂസിയത്തിന്റെ മേധാവി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ സഹോദരി ശൈഖ അല്‍ മയാസയാണ്. ഇവരുടെ ഇമെയില്‍ നുഴഞ്ഞുകയറിയാണ് സുനില്‍ മേനോന്‍ പണം തട്ടാന്‍ വഴിയൊരുക്കിയത്.
ഖത്തര്‍ അമീറിന്റെ പത്ത് പൂര്‍ണകായ ചിത്രങ്ങള്‍ ലോകത്തെ വിഖ്യാത ചിത്രകാരന്‍മാരെ കൊണ്ട് വരപ്പിക്കാമെന്നായിരുന്നു പ്രതി നല്‍കിയ വാഗ്ദാനം. ഇതിന് വേണ്ടി 10 കോടി 5 ലക്ഷത്തിന് അമേരിക്കന്‍ പൗരന് കരാര്‍ കൊടുത്തിട്ടുണ്ടെന്നും 5.5 കോടി രൂപ അഡ്വാന്‍സായി നല്‍കണമെന്നുമായിരുന്നു ഇമെയില്‍. അമീറിന്റൈ സഹോദരിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നാണ് മ്യൂസിയം സിഇഒക്ക് മെയില്‍ വന്നത്. രാജകുടുംബം നേരിട്ട ഇടപെട്ട ഇടപാടായതിനാല്‍ പണം വേഗത്തില്‍ കൈമാറി. അമേരിക്കന്‍ പൗരന്‍ ജെറോം നെപ്പോളിയന്‍ എന്ന വ്യക്തിയാണ് കരാര്‍ എടുത്തത് എന്നായിരുന്നു സന്ദേശം. ഇയാളുടെ പേരിലാണ് സുനില്‍ രാജകുടുംബത്തതിന് മെയില്‍ അയച്ചത്. എന്നാല്‍ അങ്ങനെ ഒരാളുണ്ടായിരുന്നില്ല. അഡ്വാസ് തുക അയക്കേണ്ടത് ഇന്ത്യയിലെ തങ്ങളുടെ ഉപ കരാര്‍ ഏറ്റെടുത്ത കമ്പനിയിലേക്കാണെന്നും ഇമെയിലില്‍ പറഞ്ഞിരുന്നു.
ജെറോം നെപ്പോളിയന്റെ പേരില്‍ വന്ന ഈ സന്ദേശത്തില്‍ കൊടുങ്ങല്ലൂരിലെ ബാങ്ക് അക്കൗണ്ടാണ് നല്‍കിയിരുന്നത്. പിന്നീട് ഇമെയിലില്‍ പറഞ്ഞിരുന്ന അമേരിക്കന്‍ കമ്പനിയുമായി കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഖത്തര്‍ മ്യൂസിയം അതോറിറ്റി ഇമെയില്‍ വഴി ബന്ധപ്പെട്ടു. യാതൊരു പ്രതികരണവും ലഭിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് നടന്നുവെന്ന് ബോധ്യമായത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. കേരളത്തില്‍ കൊടുങ്ങല്ലൂരിലുള്ള അക്കൗണ്ടാണെന്ന് ബോധ്യമായി. ഖത്തറില്‍ നേരത്തെ ജോലി ചെയ്ത വ്യക്തിയാണ് സുനില്‍. ഒരു എണ്ണ കമ്പനിയില്‍ ഓഡിറ്ററായി ജോലി ചെയ്ത വേളയില്‍ രാജകുടുംബത്തിലെ ചിലരുമായി ബന്ധം സ്ഥാപിച്ചിരുന്നു. കുറച്ചുകാലമായി കൊടുങ്ങല്ലൂരിലെ ഭാര്യവീട്ടില്‍ താമസിച്ച് ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസ് നടത്തി വരികയാണ്.
ഖത്തറില്‍ നിന്നു അക്കൗണ്ടിലേക്ക് വന്ന പണത്തില്‍ 4.6 കോടി ഇയാള്‍ പിന്‍വലിച്ചിരുന്നു. പിന്‍വലിച്ച തുക വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ധൂര്‍ത്തടിച്ച് ഏറെ പണം പാഴാക്കി. കുടുംബത്തോടൊപ്പം വിനോദയാത്ര പോയി. വിദേശത്ത് ഏറെ കറങ്ങിയ ശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് എല്ലാം 15 ലക്ഷം കൊടുത്തു. തനിക്ക് ലോട്ടറി അടിച്ചു എന്നാണു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.