നോട്ട് നിരോധനം: അമിത് ഷാ മാറ്റിയെടുത്തത് 745 കോടി രൂപ
രാജ്യത്തിലെ കോടിക്കണക്കിന് പൌരന്മാരെ ബുദ്ധിമുട്ടിലാക്കിയ നോട്ട് നിരോധനത്തിന് പിന്നിലെ കറുത്ത സത്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്നു. നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കാണെന്ന അതിനിര്‍ണായക വിവരം പുറത്ത്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745.59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.
കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് മുട്ടന്‍ പണി തന്ന കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ ഈ വിവരം മൂടി വെയ്ക്കുകയായിരുന്നു. അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയതിന് ശേഷമാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത് എന്ന് വ്യക്തം. സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ച് മാറ്റി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംഭവിക്കുന്നത് നവംബര്‍ 14നാണ്. ഇതിന് മുന്‍പാണ് അഹമ്മദാബാദിലെ ബാങ്ക് എല്ലാ നോട്ടുകളും മാറ്റി എടുത്തത്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കേരളത്തില്‍ വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ന്യായീകരണം ഉയര്‍ത്തിയായിരുന്നു സാധാരണക്കാരുടെ വയറ്റത്ത് മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും കൂടി അടിച്ചത്.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മൊത്തം കള്ളപ്പണമാണെന്ന വന്‍ പ്രചാരണവും സംസ്ഥാന ബി ജെ പി നേതാക്കള്‍ നടത്തിയിരുന്നു. അത് കഴിഞ്ഞാല്‍ ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമായ ജയേഷ്ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്‌ക്കോട്ട് ഡിസ്ട്രിക്ട് കോര്‍പ്പറേറ്റ് ബാങ്കാണ് പഴയ നോട്ടുകള്‍ മാറ്റി എടുത്തതില്‍ രണ്ടാം സ്ഥാനത്ത്. 693.19 കോടി രൂപയാണ് ഈ ബാങ്ക് മാറ്റി എടുത്തത്. ഈ രണ്ടു ബാങ്കുകളും ചേര്‍ന്ന് മാറ്റിയെടുത്തത് 1438 കോടി രൂപ. അതായത് കേന്ദ്രത്തിനു വേണ്ടപ്പെട്ടവര്‍ക്ക് നോട്ടുകള്‍ മാറ്റിയെടുക്കുവാന്‍ കഴിയുന്ന തരത്തിലാണ് മോദി നോട്ട് നിരോധനം കൊണ്ടു വന്നത് എന്ന് വ്യക്തം. ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അമിത് ഷാ ഇപ്പോഴും ഈ ബാങ്കിന്റെ ഡയറക്ടറാണെന്നാണ്. 2000 ത്തില്‍ അമിത് ഷാ ഈ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു.