ജെസ്ന തിരോധാനം, നടന്നത് വനിതാ കോണ്‍ഗ്രസ്സിന്റെ സമരാഭാസം

പത്തനംതിട്ട: ജെസ്നയെ കാണാതായി മൂന്നുമാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നാടകങ്ങളും ഒപ്പം അരങ്ങേറുകയാണ്. പ്രതിപക്ഷം ഈ വിഷയം സഭയില്‍ ഉന്നയിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ടയിലും, സെക്രട്ടറിയേറ്റിന് മുന്നിലും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് സമരങ്ങളും നടത്തിയിരുന്നു.

വനിതാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന സമരത്തില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കാണാതായ ജെസ്നയുടെ ചിത്രമുള്ള ബാനറും പിടിച്ച് ഒരുങ്ങിയെത്തിയ സമര പടയുടെ ചിരിച്ചും കളിച്ചും ഫോട്ടോക്ക് പോസ് ചെയ്തുള്ള നില്‍പ്പും പെരുമാറ്റവും കണ്ടുനിന്നവരെയും, മാധ്യമപ്രവര്‍ത്തകരെയും അമ്പരപ്പിക്കുന്നതായിരുന്നു. കാണാതായ പെണ്‍കുട്ടിയുടെ കുടുംബത്തെയും, ജെസ്നക്കായി കാത്തിരിക്കുന്ന ഓരോരുത്തരെയും കളിയാക്കുന്ന തരത്തിലുള്ള സമരാഭാസമാണ് യാതൊരു ആതമര്‍ത്ഥതയുമില്ലാതെ സമരത്തില്‍ പങ്കെടുത്തവര്‍ നടത്തിയത്. നാളെ ഇങ്ങനൊരു സംഭവം ഒരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കാനും ജെസ്‌നയുടെ കുടുംബത്തിന് ധൈര്യം പകരാനും എല്ലാവരും ശ്രമിക്കുമ്പോഴാണ് സ്ത്രീകളും, മുതിര്‍ന്നവരുമായിട്ടുകൂടി സമരത്തിനെത്തിയവരുടെ ഇത്തരം പ്രകടനം ചര്‍ച്ചയാകുന്നത്.

വനിതാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ഈ പ്രവര്‍ത്തി കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ തന്നെ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാല്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.