തനിക്ക് ത്വക്ക് രോഗം വരാന്‍ കാരണമായ മാതാപിതാക്കളെ കുത്തിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു

വട്ടച്ചൊറി രോഗമുള്ള മാതാപിതാക്കളില്‍ നിന്നും രോഗം പകര്‍ന്നതിനു യുവതി തന്‍റെ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. തിങ്കളാഴ്ച ഹോങ്കോങിലാണ് സംഭവം. 23കാരിയായ പാന്‍ ചിങ് ആണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്തത്. യുവതിയുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പാണ് പോലീസിന്റെ നിഗമനങ്ങള്‍ക്ക് സാധുത നല്‍കുന്നത്. ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന തരത്തില്‍ യുവതി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ 60കാരനായ അച്ഛന്റെയും 56കാരിയായ അമ്മയുടെയും നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

അടുക്കളയില്‍ നിന്ന് ചോരയില്‍ കുളിച്ച കത്തി പിന്നീട് പോലീസ് കണ്ടെത്തുകയുണ്ടായി. ദരിദ്രരായ മാതാപിതാക്കല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുന്നതിനേക്കാള്‍ വലിയ പാതകമാണ് എക്‌സിമ രോഗബാധിതരായ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നത്’ എന്നെഴുതിയ യുവതിയുടെ ഓണ്‍ലൈന്‍ കുറിപ്പുകള്‍ പോലീസ് പിന്നീട് കണ്ടെത്തി. രോഗത്തെ പ്രതിരോധിക്കാന്‍ സ്റ്റിറോയിഡ് അടങ്ങിയ മരുന്ന് സേവിച്ചതാണ് ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് യുവതിയെ എത്തിച്ചതെന്ന് കരുതുന്നു. തുവെന്‍ മുന്നിലെ വീട്ടിലേക്ക് വിളിച്ചിട്ടും ആരും എടുക്കുന്നില്ലെന്ന ബന്ധുവിന്റെ പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മൂവരുടെയും മൃതദേഹം കണ്ടെത്തുന്നത്.