90 മിനിറ്റിന്റെ പ്രതിരോധം ഭേദിച്ച് ബ്രസീല്‍


ഐയ്സ്ലന്‍ഡ് കാണിച്ചുകൊടുത്ത മാതൃകയില്‍ ആയിരുന്നു കോസ്റ്റാ റിക്ക ഇന്ന് കളിച്ചത്. തികച്ചും പ്രതിരോധത്തില്‍ ഊന്നിയ കളി. 90 മിനിറ്റിലും പ്രതിരോധം മാത്രം. ബ്രസീല്‍ ഗോള്‍ പോസ്റ്റിലേക്ക് ഒന്നോ രണ്ടോ അലസമായ ശ്രമങ്ങള്‍ മാത്രം. വെറും 28 ശതമാനം മാത്രമാണ് കോസ്റ്റാറിക്കയുടെ കൈവശം പന്തു നിന്നത്. ഫൗളുകളുടെ എണ്ണത്തില്‍ ബ്രസീലിനൊപ്പം 11 എണ്ണം, എന്നാല്‍ ഒരു കോര്‍ണര്‍ കിക്കുമാത്രമാണ് നേടാനായത്. ചുരുക്കത്തില്‍ വളരെ ശക്തമായ പ്രതിരോധം.

നെയ്മറിനു ചുറ്റും എപ്പോഴും 4 കോസ്റ്റാരിക്കന്‍ കളിക്കാരുണ്ടായിരുന്നു. എന്നാല്‍ മെസ്സിയെ മാത്രം പൂട്ടിയ ഐയ്സ്ലന്‍ഡ് ടീമിന്റെയോ ക്രോയേഷ്യയുടെയോ കളി തന്ത്രം മതിയായില്ല കോസ്റ്റാറിക്കയ്ക്ക്. പ്രതിരോധത്തെ പൊളിക്കാന്‍ ഉതകുന്ന കളിതന്ത്രം ബ്രസീലിന് ഉണ്ടായിരുന്നു. കുട്ടീന്യോയും, മാര്‍സെല്ലോയും, വില്യനും, ഹെസുസും പന്തിനെ കോസ്റ്റാറിക്കന്‍ പെനാല്‍റ്റി ലയിനിനടുത്തു തന്നെ നിലനിര്‍ത്തി അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. 90 മിനിറ്റുവരെ ഗോളിനുവേണ്ടി 20 ഷോട്ടുകളാണ് ബ്രസീല്‍ കളിക്കാര്‍ അടിച്ചത്. എക്‌സ്ട്രാ ടൈമിലെ ആദ്യ മിനിറ്റില്‍ കുട്ടീന്യോ കോസ്റ്റാറിക്കന്‍ പ്രതിരോധം തകര്‍ത്തു ആദ്യ ഗോള്‍ നേടി. നാല് അവസരങ്ങള്‍ ലക്ഷ്യം കാണാന്‍ കഴിയാത്ത നെയ്മര്‍ 96 ആം മിനിറ്റില്‍ ബ്രസീലിനു രണ്ടാമത്തെ ഗോളും നേടിക്കൊടുത്തു.

ഇതിനിടയില്‍ റഫറി വിഎആര്‍ ഉപയോഗിച്ചത് കൊണ്ട് നെയ്മര്‍ പെനാല്‍റ്റിക്കായി നടത്തിയ ഒരു വിഫലശ്രമവും നമ്മള്‍ കണ്ടു.അര്‍ജന്റീനിയന്‍ കോച്ച് ആദ്യ കളിയില്‍ നിന്നും ഉള്‍ക്കൊള്ളാതെ പോയ പാഠം ആണ് മെസ്സിയെ പൂട്ടിയാല്‍ അര്‍ജന്റീനയെ പൂട്ടാം എന്നത്. കോയേഷ്യക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും അത് കൊണ്ട് തന്നെ.

തൊണ്ണൂറ്റി ഒന്നാം മിനറ്റില്‍ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന്റെ ആയുസ്സ് നീട്ടിക്കൊടുത്ത ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീല്‍ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതായിരിക്കുകയാണ്.

ഇതോടെ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. നിശ്ചിത സമയം വരെ ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിച്ചും ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ നടത്തിയും പോന്ന കോസ്റ്ററീക്ക ടുര്‍ണ്ണമെന്റില്‍ നിന്നും പുറത്തായ സ്ഥിതിയാണ് ഇപ്പോള്‍. ആദ്യ പകുതിയില്‍ ചെറിയ മുന്‍തൂക്കം മാത്രമുണ്ടായിരുന്ന ബ്രസീല്‍ രണ്ടാം പകുതിയിലാണ് വീര്യം തുറന്നുകാട്ടിയത്. കോസ്റ്ററീക്കന്‍ പോസ്റ്റില്‍ നിന്ന് പന്തിന് ഒഴിഞ്ഞ് പോവാനായില്ല രണ്ടാം പകുതിയില്‍. ഇതിനിടയില്‍ രണ്ട് തുറന്ന അവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു.