നാലാം തവണയും പിണറായിയെ കാണാന്‍ വിസമ്മതിച്ച് മോഡി


പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനെ ബലപ്പെടുത്തുന്ന സംഭവമാണ് ഇത്. 2016 നവംബറിനു ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചക്കുള്ള അപേക്ഷ നിരസിക്കുന്നത്.

മുഖ്യമന്ത്രി പിണറായിക്ക് വ്യാഴാഴ്ച കാണാനുള്ള അവസരമാണ് ഒടുവില്‍ നിഷേധിക്കുന്നത്. സിപിഎം സെന്‍ട്രല്‍ കമ്മിറ്റി മീറ്റിംഗിനായി പിണറായി ഇപ്പോള്‍ ഡല്‍ഹിയില്‍ തന്നെയുണ്ട്. സംസ്ഥാനത്തിനുള്ള റേഷന്‍ വിതരണത്തിലെ പോരായ്മകള്‍ ചര്‍ച്ച ചെയ്യാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാനുമായി മുഖ്യമന്തി സമയം ചോദിച്ചത്.

ഡല്‍ഹി മുഖ്യന്‍ കെജ്രിവാളും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കണം എന്നാവശ്യപ്പെട്ടു പിണറായി ഒരു കത്ത് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ ഭാര്യ സുനിതയെ പിണറായിയും, മമത ബാനര്‍ജിയും, ചന്ദ്രബാബു നായിഡുവും, കുമാരസ്വാമിയും കണ്ടിരുന്നു. ഈ നാല് പ്രതിപക്ഷ മുഖ്യന്മാരും കെജ്രിവാളിന്റെ രാഷ്ട്രീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ നീക്കമാണ് മോഡിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പ് സംസ്ഥാനത്തിന്റെ ഇതേ ആവശ്യത്തിനായി തന്നെ കൂടികാഴ്ചക്കുള്ള സമയം ചോദിച്ചപ്പോഴും അത് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. അത്തരം കാര്യങ്ങള്‍ക്കു വകുപ്പ് മന്ത്രിയെ കണ്ടാല്‍ മതിയെന്നും അറിയിച്ചു അറിയിച്ചു.

ഇതിനു മുന്‍പ് സംസ്ഥാനത്തിനുള്ള ബജറ്റ് തുക നീക്കിവയ്ക്കലിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ സമയം ചോദിച്ചതും നിഷേധിച്ചു. 2016 നവംബറില്‍ നോട്ടു നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന ക്ലേശങ്ങള്‍ ധരിപ്പിക്കാനുള്ള കൂടിക്കാഴ്ചയും നിഷേധിച്ചിരുന്നു.