സര്‍ക്കാര്‍ പോസ്റ്ററിനു എതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ; യുവാക്കളെ വഴി തെറ്റിക്കും എന്ന് വിമര്‍ശനം

വിജയ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പോസ്റ്റ്റിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. നേരത്തെ മെര്‍സല്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അത് വലിയ വിവാദമായിരുന്നു. ബിജെപി ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രവും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതാണ് രാഷ്ട്രീയ പാര്‍ട്ടികളെ ചൊടിപ്പിച്ചത്. മുന്‍ ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസും പാര്‍ട്ടിയായ പിഎംകെയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

നടന്‍മാര്‍ സ്‌ക്രീനില്‍ പുകവലിക്കുന്നത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പിഎംകെയുടെ ആരോപണം. അതേസമയം നിരൂപകര്‍ ഈ പോസ്റ്ററിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. സിഗരറ്റ് വലിച്ചില്ലായിരുന്നെങ്കില്‍ വിജയ് കൂടുതല്‍ സുന്ദരനായി പോസ്റ്ററില്‍ കണ്ടേനെയാണ് അന്‍പുമണി രാംദാസിന്റെ വിമര്‍ശനം.’ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കൂ, പുകവലി പ്രോത്സാഹിപ്പിക്കാതിരിക്കൂ എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ട്വിറ്ററില്‍ വിജയ്യുടെ ലുക്കിനെതിരെ പ്രതികരിച്ചത്. പുകവലി രംഗങ്ങള്‍ ഇനി തന്റെ സിനിമയില്‍ ഉണ്ടാവില്ലെന്ന് വിജയ് പറഞ്ഞതിന്റെ പത്രക്കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ കൂടുതല്‍ സുന്ദരനാകുന്നത് സിഗരറ്റ് വലിക്കാതെയുള്ള ലുക്കിലാണെന്നും അന്‍പുമണി ട്വിറ്ററിലൂടെ പറഞ്ഞു.

അതേസമയം പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. സര്‍ക്കാര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോള്‍ നടന്‍മാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറുന്നു എന്നാണ് മറ്റൊരു വിമര്‍ശനം. സിഗരറ്റിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് വിജയ് ചെയ്തതെന്നും അത് തെറ്റാണെന്നും അന്‍പുമണി രാംദാസ് പറഞ്ഞു. അതേസമയം സിനിമയുടെ പോസ്റ്റര്‍ മാത്രമാണ് പുറത്തുവിട്ടത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ്. ഇത്തവണ റിലീസിന് മുമ്പേയാണ് വിജയ് ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

ആക്ട് റെസ്പോണ്‍സിബിളി ഡുനോട്ട് പ്രമോട്ട് സ്മോക്കിങ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തില്‍പരം ലൈക്കുകളാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേടിയത്. ഇന്ന് സെക്കന്‍ഡും തേഡും ലുക്കുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.