മെസ്സിയുടെ വമ്പന്‍ തിരിച്ചു വരവ് പ്രതീക്ഷിച്ച് ലോക ഫുട്‌ബോള്‍ ആരാധകര്‍


റഷ്യന്‍ ഫുട്ബാള്‍ കാര്‍ണിവല്‍ തുടങ്ങുമ്പോള്‍ ലോകകപ്പിന് അര്‍ഹരായ ടീമുകളില്‍ ആദ്യസ്ഥാനം കല്പിച്ച അര്‍ജന്റീനയ്ക്ക് ഗ്രൂപ്പ് സ്റ്റേജ് കടക്കാനാകുമോ എന്നാണ് ഇപ്പോഴത്തെ സംശയം.

കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ മുതല്‍ തൊല്‍വിയറിയാതെയാണ് ഫൈനലില്‍ എത്തുന്നത്. ഇന്ന് സ്ഥിതി അതല്ല.
ആദ്യ മത്സരം കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷിച്ചത് മികച്ച വിജയം. എന്നാല്‍ മെസ്സിയെ പൂട്ടി ലോക കപ്പിലെ കന്നിക്കാരായ ഐസ്ലാന്‍ഡ് എന്ന ചെറു ടീം അര്‍ജന്റീനയെ 1-1 എന്ന സമനിലയില്‍ കുരുക്കി. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ സമനില. ഭൂരിഭാഗം സമയവും പന്ത് അര്‍ജന്റീനയുടെ പക്കല്‍ തന്നെ നിന്നു. ശക്തമായ പ്രതിരോധം തീര്‍ത്തു ഐസ്ലാന്‍ഡ്, എന്നതിലുപരി പന്ത് കൈവശം വെക്കാനോ പാസ് എത്താനോ അനുവദിക്കാതെ മെസ്സിയെ പൂട്ടിയിട്ടു.

കോയേഷ്യക്കെതിരെ കളിതന്ത്രം മാറ്റി ഇറങ്ങും എന്ന് പ്രതീക്ഷിച്ചു ആരാധകര്‍. എന്നാല്‍ പ്രതിരോധം മാത്രമായിരുന്നില്ല കോയേഷ്യന്‍ തന്ത്രം. ഗോള്‍ രഹിത ആദ്യ പകുതി. ഗോളിയുടെ പിഴവിലൂടെ അര്‍ഥകാരെ ഞെട്ടിച്ച ആദ്യ ഗോള്‍. പിന്നെ കണ്ടത് ആത്മവിശ്വാസമറ്റ അര്‍ജന്റീനയും ക്രോയേഷ്യന്‍ മുന്നേറ്റവും. 3-0 എന്ന സ്‌കോറില്‍ കളി അവസാനിക്കുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു മുകളില്‍ കാര്‍മേഘം മൂടിക്കഴിഞ്ഞു. ശത്രുക്കളും ട്രോളന്മാരും നിരാശരായ ആരാധകരും ഒരുവശത്ത് തകര്‍ന്നടിഞ്ഞ മെസ്സിയും കൂട്ടരും മറുവശത്ത്.

എന്നും ടീമിനൊപ്പം നിന്ന ആരാധകര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത് ശക്തമായ തിരിച്ചു വരവാണ്. ‘മെസ്സിയെ പൂട്ടിയാല്‍ ടീമിനെ പൂട്ടാം’ ഇതാണ് എതിര്‍ ടീമുകളുടെ തന്ത്രം. കളി കണ്ടവര്‍ തിരിച്ചറിഞ്ഞ തന്ത്ര പിഴവ് കോച്ചും ക്യാപ്റ്റനും തിരിച്ചറിഞ്ഞാല്‍ മറുതന്ത്രവുമായി വന്നാല്‍, അര്‍ജന്റീനയുടെ മികച്ച തിരിച്ചുവരവുണ്ടാവും. അതിനു കെല്പുള്ള ടീം തന്നെയാണ് അവര്‍ക്കുള്ളത്. മെസ്സിയെ മാറ്റി നിര്‍ത്തിയാല്‍ പോലും ലോകകപ്പ് പരിചയമുള്ള അനവധി താരങ്ങളുണ്ട് ടീമില്‍. അഗ്വേറൊ, എയ്ഞ്ചല്‍ ഡി മരിയ, മാഷെറാനോ, ഹിഗ്വയിന്‍ പിന്നെ മെസ്സ, പാവോണ്‍ എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഫൈനലില്‍ എത്താവുന്ന ടീം തന്നെയാണ് അര്‍ജന്റീന.