കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് റോന്തുചുറ്റിയ സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂണ്‍ 28 ന് തുടങ്ങാനിരിക്കുന്ന അമര്‍നാഥ് യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് സൈന്യം റോന്തുചുറ്റിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിനുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. റംസാന്‍ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് ശേഷമാണ് കശ്മീരിലെ ഭീകരവിരുദ്ധ നീക്കങ്ങള്‍ സൈന്യം ശക്തമാക്കിയത്. പിഡിപി – ബിജെപി സഖ്യത്തില്‍നിന്ന് ബിജെപി പിന്മാറിയതോടെ കശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്.