അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ മെസ്സി ആരാധകന്‍റെ മൃതദേഹം കണ്ടെത്തി ; ലഭിച്ചത് മെസ്സിയുടെ ജന്മദിനത്തില്‍
അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതി വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ഡിനു അലക്‌സി(30)ന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. ക്രൊയേഷ്യയോട് അര്‍ജന്റീന തോറ്റ മത്സരത്തിനു ശേഷമാണ് ഇയാളെ കാണാതാവുന്നത്. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ അഗ്‌നിരക്ഷാസേനയും പോലീസും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഇന്ന് രാവിലെയാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്ന് മൃതദേഹം കരയ്ക്കടിഞ്ഞത്. ഇയാളുടെ കഴുത്തിലെ മാലയില്‍ നിന്നാണ് മൃതദേഹം ഡിനുവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. അര്‍ജന്റീന ആരാധകനായിരുന്നു ഡിനു. അതിലുപരി മെസ്സിയുടെ കടുത്ത ആരാധകനും. മെസ്സിയുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്ന ചെറു കുറിപ്പുകളും ഡിനുവിന്റെ മുറിയില്‍ നിന്നും ലഭിച്ചിരുന്നു. അതേസമയം ആരാധകര്‍ മെസ്സിയുടെ ജന്മദിനം ആഘോഷിക്കുന്ന അന്ന് തന്നെയാണ് മെസ്സിയുടെ കടുത്ത ആരാധകനായ ഡിനുവിന്‍റെ മൃതദേഹം ലഭിച്ചതും.