ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ല ; യതാര്‍ത്ഥ കൊലപാതകിയെ അറിയാം എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്
കൊച്ചി : കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അവിശ്വസനീയമായ വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോലഞ്ചേരി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അജിയെന്ന യുവാവാണ് ജിഷ വധക്കേസിലെ യഥാര്‍ത്ഥ പ്രതി അമിറൂള്‍ ഇസ്ലാം അല്ലെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജിഷയെ കൂടാതെ കോതമംഗലം സ്വദേശിനി ഷോജിയെയും കൊലപ്പെടുത്തിയത് ഒരാളാണ് എന്നും ഇയാളെ തനിക്ക് അറിയാമെന്നും ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചിട്ടുണ്ട് എന്നും അജി പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയില്‍ ജീവിതത്തിനിടെ കിട്ടിയ വിവരങ്ങളും പല സ്ഥലങ്ങളില്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളും കണക്കിലെടുത്താണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും അജി വെളിപ്പെടുത്തുന്നു.
പൊലീസിലും കോടതിയിലും ഈവിവരം വെളിപ്പെടുത്താന്‍ ഒരുക്കമായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലെന്ന് അജി പറഞ്ഞു. അതേസമയം കൊലപാതകിയുടെ പേര് വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായിട്ടില്ല. മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് യുവാവ് ആരോപിക്കുന്നു. ഇയാള്‍ ഉള്‍പ്പെട്ട ഒരു സെക്സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകള്‍ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുള്‍ ഇസ്ലാം അല്ല, അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാര്‍ത്ഥ കൊലപാതകി സ്ത്രീവിഷയത്തില്‍ കാര്യമായി തല്‍പ്പരനായിരുന്നില്ലെന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം.
താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയെ ഈ കൊലപാതകി ഉള്‍പ്പെട്ട സംഘം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാള്‍ പെരുമ്പാവൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെണ്‍കുട്ടിക്ക് അറിയാമെന്നും അജി സംഭാഷണത്തില്‍ വിശദമാക്കുന്നുണ്ട്. കോതമംഗലം മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഈ കേസില്‍ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് യുവാവിന്റെ അഭിമുഖം പുറത്തു വിട്ടത്.