യു പി സര്‍ക്കാരിനു വൈരാഗ്യബുദ്ധി ; സ്വന്തം ചിലവില്‍ റോഡ് നിര്‍മ്മിച്ചു മന്ത്രി

എസ്.ബി.എസ്.പി നേതാവും യുപിയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ബര്‍ ആണ് ഗതികെട്ട് റോഡ് നിര്‍മ്മാണം നടത്തിയത്. വാരണസിയിലെ ഫത്തേപൂര്‍കോണ്ടയിലെ തന്റെ വീടിനു മുന്നിലൂടെ റോഡ് നിര്‍മ്മിക്കണമെന്ന് അദ്ദേഹം പലതവണ ആവശ്യപ്പെട്ടു. പക്ഷേ ഫലമില്ലെന്ന് കണ്ടതോടെയാണ് സ്വന്തം നിലയില്‍ അത് ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. മകന്റെ വിവാഹവും വിവാഹ സത്കാരവും നിശ്ചയിച്ചിരിക്കുന്നതിനാല്‍ റോഡ് പണി വേഗം നടത്തണമെന്ന് മന്ത്രി അധികാരികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ മന്ത്രി ആയിട്ട് പോലും ഇദ്ദേഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മന്ത്രിമാര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കം നിരവധി വി.ഐ.പികള്‍ വിവാഹ സത്കാരത്തിന് എത്തും.

അതുകൊണ്ടുതന്നെയാണ് റോഡിന്റെ ആവശ്യവുമായി മന്ത്രി വകുപ്പുമായി ബന്ധപ്പെട്ടത്. അതേസമയം സ്വന്തം മന്ത്രി സഭയിലെ അംഗമായ രാജ് ബാബറിനോടുള്ള മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിന്റെ വൈരാഗ്യമാണ് റോഡ്‌ പണി നടക്കാതിരിക്കാന്‍ കാരണം എന്ന് പറയപ്പെടുന്നു. ഒരു വര്‍ഷമായി മുഖ്യമന്ത്രി യോഗിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഓം പ്രകാശ് രാജ്ബര്‍ നടത്തിയിരുന്നു. കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ വോട്ടുചെയ്യുമെന്ന് അറിയിച്ചെങ്കിലും പിന്നീട് അമിത് ഷാ ഇടപെട്ട് നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.