രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ സരിതാ നായര്‍ : തമിഴ്‌നാട് മുന്‍ മന്ത്രിയുമായി തിരുവനന്തപുരത്ത് രഹസ്യചര്‍ച്ച
സോളാര്‍ വിവാദ നായിക സരിതാ നായര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. ടി.ടി.വി.ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.ടി.പച്ചമാലും സരിതാ നായരും രഹസ്യചര്‍ച്ച നടത്തിയ വാര്‍ത്ത ചില തമിഴ് മാധ്യമങ്ങള്‍ പുറത്തു വിട്ടു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെള്ളിയാഴ്ച ഇരുവരും ചര്‍ച്ച നടത്തിയ വാര്‍ത്തയും പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ഫോട്ടോയും പുറത്തു വരികയും ചെയ്തു. തക്കല പരിസരത്ത് പേപ്പര്‍ കപ്പ് നിര്‍മാണശാലയും വില്പനകേന്ദ്രവും തുറക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് സരിതാ നായര്‍ തക്കലയില്‍ വന്നിരുന്നു.
പുതിയ തൊഴില്‍ മേഖലയ്ക്ക് തമിഴ്‌നാട്ടില്‍ ബന്ധം ഉറപ്പിക്കാന്‍ സരിത മുന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരിക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു. ദിനകരന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താത്പര്യം സരിത കൂടിക്കാഴ്ചയില്‍ അറിയിച്ചതായി പച്ചമാലു അറിയിച്ചു. ദിനകരനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി തരണമെന്നും സരിത പച്ചമാലുവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നേരത്തെ സരിതയുടെ ജീവിതകഥ ഒരു തമിഴ് മാസികയില്‍ അച്ചടിച്ചു വന്നിരുന്നു. വന്‍ സ്വീകാര്യതയാണ് അന്ന് അതിനു ലഭിച്ചത്. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എന്ന പോലെ തമിഴര്‍ക്കും പരിചിതയാണ് സരിത ഇപ്പോള്‍.