ചരിത്രം വഴിമാറി ; സൗദിയില്‍ ഡ്രൈവിംഗ് സീറ്റില്‍ സ്ത്രീകള്‍
സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂര്‍ത്തത്തില്‍ ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ ഞായറാഴ്ച വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാമൂഹിക- സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഈ തീരുമാനം ആവേശത്തോടെയാണ് സൗദിസമൂഹം സ്വീകരിച്ചത്. സ്ത്രീകള്‍ക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നതുമുതല്‍തന്നെ ആയിരക്കണക്കിന് ആളുകളാണ് ഡ്രൈവിങ് പരിശീലനത്തിന് ചേര്‍ന്നത്. ഈ മാസം ആദ്യം തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള കേന്ദ്രങ്ങളും തുറന്നു. നാല് സര്‍വകലാശാലകളുമായി ഇതിനായി കരാറും ഒപ്പുവെച്ചു.
അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം സമര്‍ അല്‍മോഗ്രനാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി സൗദിയില്‍ ആദ്യമായി വാഹനമോടിച്ച സ്ത്രീ. അര്‍ധരാത്രി തന്റെ മക്കളെ ഉറക്കി കിടത്തി കിങ് ഫഹദ് ഹൈവേയിലൂടെ വണ്ടിയോടിച്ചാണ് സമര്‍ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായത്. അതുപോലെ ഡ്രൈവിങ് വിലക്ക് നീങ്ങിയതോടെ രാജ്യത്ത് സ്ത്രീകള്‍ക്കായി പല തൊഴില്‍ മേഖലകള്‍കൂടി തുറക്കുകയാണ്. സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന സന്ദേശവുമായി ഒട്ടേറെ ബോധവത്കരണ പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളെ നേരിടാനും അത്യാവശ്യം മെക്കാനിക്കല്‍ പണികളുമെല്ലാം പരിശീലനകേന്ദ്രങ്ങളില്‍ നിന്ന് പുതിയ ഡ്രൈവര്‍മാര്‍ അഭ്യസിക്കുന്നുണ്ട്.
വനിതകള്‍ക്ക് വണ്ടിയോടിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ സാമൂഹിക മാറ്റത്തിന് വഴി തെളിക്കുമെന്നാണ് വിലയിരുത്തുന്നത്. ഡ്രൈവിങ്ങിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ വനിതാ ടാക്‌സികളും നിരത്തിലിറങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശി സ്ത്രീകള്‍ക്ക് മാത്രമാണ് വനിതാടാക്‌സി ഓടിക്കാന്‍ അനുമതി. അതേസമയം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശി ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയാണ് ഈ പുതിയ നടപടി. അവിടങ്ങളിലെ സ്ത്രീകള്‍, പ്രത്യേകിച്ചും പുതുതലമുറയിലുള്ളവര്‍ സ്വന്തമായി വാഹനങ്ങള്‍ ഓടിച്ചുതുടങ്ങിയാല്‍ ഇവരുടെ ജോലി സാധ്യത മങ്ങുമോയെന്നതാണ് ആശങ്ക.