പിണറായിയെ കാണാതെ വി എസിനെ കണ്ടു കേന്ദ്രമന്ത്രി ; കഞ്ചിക്കോട് കോച്ച് ഫാക്ട്ടറിക്ക് ഉറപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വിസമ്മതിച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ കണ്ടു. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുത് എന്ന വി എസിന്റെ ആവശ്യത്തോട് കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ വരുമെന്ന ഉറപ്പും നല്‍കി. ചണ്ഢീഗഡിലായിരുന്ന കേന്ദ്ര മന്ത്രി ഡല്‍ഹിയിലെത്തി വി എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെക്ക് പോവുകയും ചെയ്തു. വി എസിനെ കാണാന്‍ വേണ്ടി മാത്രമാണ് ഡല്‍ഹിയിലെത്തിയതെന്ന് മന്ത്രി തന്നെ വ്യക്തമാക്കി. നേരത്തെ കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയത്തില്‍ പിണറായിയെ കാണുവാന്‍ മന്ത്രി വിസമ്മതിച്ചിരുന്നു.

വി.എസ് വന്നതില്‍ സന്തോഷം പ്രകടിപ്പിച്ച പിയൂഷ് ഗോയല്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിക്കാനും കേന്ദ്ര റെയില്‍വേ മന്ത്രി മറന്നില്ല. ഹരിയാനയിലും, ഉത്തര്‍പ്രദേശിനും കോച്ച് ഫാക്ടറിയാവാം, പക്ഷേ കേരളത്തിന് വേണ്ടയെന്നതാണ് കേന്ദ്ര നിലപാട് എന്ന് പിണറായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയും ഇടത് എംപിമാരും വെളളിയാഴ്ച റെയില്‍ ഭവന് മുന്നില്‍ കോച്ച് ഫാക്ടറിക്ക് വേണ്ടി പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ ഫാക്ടറി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. വായുവില്‍ റെയില്‍ പാളങ്ങള്‍ നിര്‍മ്മിക്കാനാവില്ല. പദ്ധതിയുമായി മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.