അമ്മ തിരിച്ചെടുത്തതോ, പണി കൊടുത്തതോ ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത നടപടിയെ സംഘടനയില്‍ ഉള്ളവരും അല്ലാത്തവരുമായവരുടെ വിമര്‍ശനങ്ങള്‍ കൊണ്ട് ഈ കേസ് വീണ്ടും കേരള സമൂഹം ചര്‍ച്ചചെയ്യുകയാണ്. തിരിച്ചെടുത്ത തീരുമാനത്തിന് പിന്നില്‍ ആരെന്നോ, അതിനായി ചര്‍ച്ചയോ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രേത്യേക കൂടിച്ചേരലുകളോ ഒന്നും തന്നെ നടന്നതായി ആരും പുറത്ത് പറയുന്നുമില്ല.

ഈ തീരുമാനം നടന്‍ ദിലീപിന് അനുകൂലമെന്ന് കരുതി ഫാന്‍സും നടനെ ഇഷ്ട്ടപെടുന്നവരും ആഘോഷമാക്കിയെങ്കിലും പിന്നിലൂടെ വരുന്ന പണിയെന്തെന്നറിയാവുന്ന ദിലീപിനെ നിരാശപെടുത്തുന്നതാണ് അമ്മയുടെ തീരുമാനം. സംഘടനക്കുള്ളില്‍ നിന്ന് കാര്യമറിയാതെ ദിലീപിന്റെ തിരിച്ച് വരവിനായി ആത്മാര്‍ത്ഥമായി ആഗ്രഹിച്ച പലരെയും തള്ളിപ്പറയാന്‍ കഴിയാത്തത് മൂലം ഈ വിഷയത്തില്‍ പരസ്സ്യപ്രതികരണത്തിന് ദിലീപിന് അവസരവുമില്ലാതായി.

ഈ കേസില്‍ ട്രയല്‍ അവസാനിച്ച് അഗ്‌നിശുദ്ധി വരുത്തി നായക കഥാപാത്രങ്ങളെ പോലെ തിരിച്ച് വരവിനായി കാത്തിരുന്ന നടന് ഇപ്പോഴുണ്ടായ അപ്രതീക്ഷ തീരുമാനം വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അമ്മയില്‍ തിരിച്ചെടുക്കാന്‍ പോകുന്നെന്ന സൂചന ആദ്യം പുറത്തുവന്നതോടെ തന്നെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കൃത്യമായി അമ്മയുടെ തീരുമാനങ്ങള്‍ പുറത്തെത്തിച്ച മാധ്യമങ്ങള്‍ വൈകുന്നേരത്തെ പ്രൈം ടൈം ചര്‍ച്ചകള്‍ വരെ ഈ വിഷയത്തിനായി നീക്കി വെച്ചു. തൊട്ടു പിന്നാലെ WCC യും ആഷിഖ് അബുവിനേയും പോലെ ആദ്യമുതല്‍ തന്നെ ദിലീപിനെതിരെ നിലപാടെടുത്തിരുന്നവര്‍ സംഘടനയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. ഇതോട് കൂടി ഈ വിഷയം ദിലീപ് അറസറ്റ് ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ അതെ തലത്തില്‍ പ്രേക്ഷകരുടെയും പൊതുസമൂഹത്തിനും മുന്നില്‍ വീണ്ടും ചോദ്യ ചിഹ്നമായി അവതരിപ്പിക്കപ്പെട്ടു.

സംഘടനയിലേക്ക് തിരിച്ചെത്തി പ്രേത്യേകിച്ച് ഒന്നും തന്നെ നേടാനില്ലാത്ത ദിലീപിന്
അമ്മയിലേക്ക് തിരിച്ചെടുത്തുകൊണ്ടുണ്ടായ ഈ നടപടി സമ്മാനിക്കാന്‍ പോകുന്നത് ശത്രു നിരയുടെയും പ്രേക്ഷക സമൂഹത്തിന്റെയും സാമൂഹ്യ വിചാരണ മാത്രമാണ്. ദിലീപ് ആഗ്രഹിച്ചത് പോലെയുള്ള തിരിച്ച് വരവും നഷ്ടമായി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിപട്ടികയില്‍ ഉള്‍പെട്ടതിന് ശേഷം പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളായ രാമലീലയും, കമ്മാര സംഭവവും വിജയം നേടിയത് താരത്തിന്റെ ജനകീയ പിന്തുണ കുറഞ്ഞിട്ടില്ല എന്ന തരത്തിലാണ് വിലയിരുത്തപ്പെട്ടത്. അത് കൊണ്ട് തന്നെ ഇപ്പോഴുണ്ടായ തീരുമാനം നടന് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിക്കാന്‍ പോകുന്നത്.

അമ്മയിലേക്ക് തിരിച്ചെടുത്തതായി തീരുമാനം പുറത്ത് വന്നെങ്കിലും ഈ കേസ് പൂര്‍ത്തിയായി കുറ്റവിമുക്തനായി മാത്രമേ ഔദ്യോകികമായി സംഘടനയിലേക്ക് തിരികെ വരൂ എന്നതാണ് ദിലീപിന്റെ നിലപാട്.