മാണിയുടെ മരുമകന്റെ നേതൃത്വത്തില്‍ വനത്തില്‍ മരം മുറിപ്പ്
കെഎം മാണിയുടെ മരുമകന്‍ രാജേഷ് പീറ്ററിന്റെ ഉടമസ്ഥതയിലുള്ള പാമ്പ്ര പ്ലാന്റേഷന്‍സ് അനധികൃതമായി
വനഭൂമിയിലെ മരം മുറിക്കുന്നു. ഇതിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വയനാട് ഇരുളം വില്ലേജില്‍ ചെത്തലത്ത് ഫോറെസ്‌റ് റേഞ്ചില്‍ ആണ് പാമ്പ്ര കോഫീ പ്ലാന്റേഷന്‍സ് സ്ഥിതി ചെയുന്നത്.
അഞ്ചു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആണ് വനം വകുപ്പിന് പാമ്പ്ര പ്ലാന്റേഷന്‍സില്‍ നിന്നും 100 ഹെക്റ്റര്‍ വനം തിരികെ കിട്ടിയത്. ഒരു കൊല്ലം മുന്‍പാണ് ഈ കേസില്‍ വനം വകുപ്പിന് അനുകൂലമായ വിധി വന്നതും, അതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുകയും ചെയ്തത്. എന്നാല്‍ കാപ്പി കൃഷി വര്‍ഷങ്ങളായി ചെയ്തിരുന്നത് ചൂണ്ടി കാണിച്ചുകൊണ്ട് തുടര്‍ന്നും കൃഷി ചെയ്യാനുള്ള അനുവാദം പാമ്പ്ര പ്ലാന്റേഷന്‍സ് നേടി.
330 ഹെക്റ്റര്‍ സ്ഥലമാണ് പാമ്പ്ര കോഫീ പ്ലാന്റേഷന്‍സിന് ഉണ്ടായിരുന്നത്. ഇതില്‍ കാപ്പി കൃഷി ചെയ്തിരുന്നത് 230 ഹെക്റ്റര്‍ സ്ഥലത്തും, ബാക്കി 100 ഹെക്റ്റര്‍ സ്ഥലം വനഭൂമി അനധികൃതമായി കയ്യേറിയതായിരുന്നു. ഇതാണ് 2017ല്‍ അനുകൂല വിധിയിലൂടെ വനം വകുപ്പിന് തിരികെ ലഭിച്ചത്.
കെഎം മാണിയുടെ മരുമകന്‍ രാജേഷിന്റെ ഉടമസ്ഥതയില്‍ ഉള്ള പാമ്പ്ര പ്ലാന്റേഷന്‍സ് കൃഷിയുടെ മറവില്‍ ആണ് വനത്തിലുള്ള വിലകൂടിയ 200ല്‍ അധികം സില്‍വര്‍ ഓക്ക് മരങ്ങളും മറ്റും മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നത്. മരങ്ങള്‍ മുറിച്ചു മാറ്റി ഇത് വന ഭൂമിയില്ല കൃഷി ഭൂമിയാണ് എന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. എന്നാല്‍ താനോ തന്റെ കുടുംബമോ ഇപ്പോള്‍ പാമ്പ്ര കോഫീ പ്ലാന്റേഷന്‍സിന്റെ ഉടമസ്ഥരല്ല എന്നാണ് രാജേഷ് പറയുന്നത്. രാജേഷിന്റെ പിതൃ സഹോദരന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ വ്യാപകമായ മരം മുറിക്കല്‍ നടത്തിയിരിക്കുന്നത്. തോട്ടം മാനേജരടക്കം മൂന്നു പേര്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
പാമ്പ്ര പ്ലാന്റേഷന്‍സ് ഉള്‍പ്പടെ മൂന്നാറില്‍ കയ്യേറ്റ ആരോപണം നേരിട്ടിരുന്ന റിസോര്‍ട്ടും, തിരുവനന്തപുരത്ത് പൂവാറിലുള്ള റിസോര്‍ട്ടുമടക്കം കേരളത്തില്‍ വിവിധ ജില്ലകളിലായി മക്കളുടെയോ മരുമക്കളുടെയോ ബന്ധുക്കളുടെ പേരിലായി ബിനാമി സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടെന്ന ആരോപണം നേരിടുന്ന കെ.എം. മാണിക്ക് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമാകില്ല.
എല്‍.ഡി.എഫിനൊപ്പം ചേരുമെന്ന ധ്വനിയില്‍ ബാര്‍കോഴയുള്‍പ്പടെ വിജിലന്‍സ് അന്വേഷിച്ച് കൊണ്ടിരുന്ന സുപ്രധാനമായ പല കേസുകളിലും അനുകൂല സാഹചര്യം നേടിയെടുത്തതിന് ശേഷമാണ് മാണി യു.ഡി.എഫില്‍ തിരികെ പ്രവേശിച്ചത്. ഇപ്പോള്‍ എല്‍ഡി.എഫിന് വീണ് കിട്ടിയ ഈ സാഹചര്യം മാണിക്കെതിരെ എല്‍.എടി.എഫ് ഉപയോഗപ്പെടുത്തുമെന്നും വിലയിരുത്തുന്നു.