എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് സ്വീഡനില്‍ ഊഷ്മള വരവേല്‍പ്

ജെജി മാത്യു മാന്നാര്‍

സ്റ്റോക്ക്‌ഹോം: വേള്‍ഡ് മലയാളി ഫെഡറേഷന്‍ സ്വീഡന്റെ നേതൃത്വത്തില്‍ യൂറോപ്പില്‍ സന്ദര്‍ശനം നടത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എം പിയ്ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് ശരവണ ഭവന്‍ റെസ്റ്റോറന്റില്‍ എം.പിയുമായി മലയാളികള്‍ മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ള രാജേഷ് ദുഗ്ഗല്‍ പരിപാടിയില്‍ വീശിഷ്ട അതിഥിയായിരുന്നു.

ഇന്ത്യക്കാരുടെ സ്വീഡനിലെ പൊതു അവസ്ഥയും, സഹായം വേണ്ട ചില മേഖലകളും പ്രേമചന്ദ്രന്‍ എം പി അംഗങ്ങളോട് നേരിട്ട് ചോദിച്ചറിഞ്ഞു. എംബസ്സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥനും രാജ്യത്തെ ഭാരതീയരുടെ വിശേഷങ്ങള്‍ പങ്കുവച്ചു. നിലവില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ രക്ഷാധികാരികളില്‍ ഒരാള്‍കൂടിയാണ് എം.പി പ്രേമചന്ദ്രന്‍.

നിരവധി തവണ മികച്ച പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എം പിയുമായുള്ള കൂടിക്കാഴ്ച്ച സ്വീഡനിലെ വേള്‍ഡ് മലയാളീ ഫെഡറേഷന് ഏറെ മുതല്‍കൂട്ടായെന്നു ഭാരവാഹികള്‍ പറഞ്ഞു. ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി അരുണ്‍ മോഹന്‍, സംഘടനയുടെ സ്വീഡനിലെ പ്രസിഡന്റ് മനു കൊമ്പന്‍, ട്രെഷറര്‍ ശിവ മുല്ലപ്പള്ളില്‍, ഇവന്റ് മാനേജര്‍ മുകുന്ദകൃഷ്ണന്‍, പി.ആര്‍.ഒ മന്‍സു നൈനാന്‍, സംഘടനയിലെ മറ്റു അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.