മോഹന്‍ലാല്‍ തലപ്പത്ത് എത്തിയത് മുതല്‍ കൂടുതല്‍ വഷളായി അമ്മയിലെ കാര്യങ്ങള്‍ ; സംഘടന പൊട്ടിത്തെറിയുടെ വക്കില്‍

താരസംഘടനയായ അമ്മയിലെ കാര്യങ്ങള്‍ പോകുന്നത് കൂടുതല്‍ കുഴപ്പത്തിലേയ്ക്ക്. ഭാവനയുടെ രാജിഅമ്മയില്‍ പുതിയ പൊട്ടിത്തെറികള്‍ക്കിടയാക്കുമെന്നു റിപ്പോര്‍ട്ട്. അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലിന് ഭാവനയുടെ രാജി വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രിമിനല്‍ കേസുകളുടെ പേരില്‍ പുറത്താക്കിയവരെയും സ്ത്രീവിരുദ്ധ നിലപാടുള്ളവരെയും സംഘടന പ്രോത്സാഹിപ്പിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ച് ഭാവനയ്ക്ക് പിന്നാലെ രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും രാജിവച്ചിട്ടുണ്ട്. ഇവരെ അനുകൂലിക്കുന്ന പ്രമുഖ നടന്മാര്‍ ഇപ്പോള്‍ പ്രതികരിച്ചിട്ടില്ല എങ്കിലും അവര്‍ ഇതിനെതിരെ വന്നാല്‍ ഒരുവേള സംഘടന പിളരാന്‍ തന്നെ സാധ്യത ഉള്ളതായി പറയപ്പെടുന്നു.

അങ്ങനെയെങ്കില്‍ താര സംഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്നറിയാതെ മോഹന്‍ലാലും കുഴയുകയാണ്. ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഇടവേള ബാബു ഒപ്പമുള്ള താരങ്ങളുടെ പോലും വിരോധം സമ്പാദിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ആരും അംഗീകരിക്കാനും പോകുന്നില്ല. സിനിമയിലെ തിരക്കും സംഘടനയിലെ തലവേദനകളും കൂടിയാകുമ്പോള്‍ മോഹന്‍ലാലിന്റെ സ്ഥിതി പരിതാപകരമാണ്. ഈയവസ്ഥയില്‍ തന്നെ ഈ പദവി എല്പ്പിക്കരുതായിരുന്നെന്ന പരാതി മോഹന്‍ലാലിനുമുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ നടിയെ അനുകൂലിക്കുന്നവര്‍ മോഹന്‍ലാലിനെതിരെ സംസാരിക്കുന്നത് ലാല്‍ ആരാധകര്‍ എതിര്‍ത്തു തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ ലാല്‍ ആരാധകരും മറ്റുള്ളവരും തമ്മിലുള്ള ഒരു തുറന്ന പോരിനു തന്നെ സാധ്യത ഉണ്ട്. അതേസമയം അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ചത് ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ലെന്ന് നടി ഭാവന പറയുന്നു. ‘ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല’ ഇതാണ് രാജിക്ക് കാരണമെന്ന് ഭാവന കുറ്റപ്പെടുത്തുന്നത്.